കോട്ടയം: ഇന്ന് നടക്കുന്ന പാലാ നഗരസഭ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പില്‍ നഗരവികസന മുന്നണി സ്ഥാനാർത്ഥിയായി വിമത കോണ്‍ഗ്രസ് കൗണ്‍സിലർ ബിജു മാത്യൂസിനെ കേരള കോണ്‍ഗ്രസ് (എം) പാർലമെന്ററി പാർട്ടി പ്രഖ്യാപിച്ചു.
തുടർന്ന് ചേർന്ന എല്‍.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗവും ബിജുവിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതായി നഗര വികസന മുന്നണി കണ്‍വീനർ ബിജു പാലൂപ്പടവില് അറിയിച്ചു.
നാല് വിമത കോണ്‍ഗ്രസ് കൗണ്‍സിലർമാരില്‍ ചെയർപേഴ്സണ്‍ മായാ രാഹുല്‍ ഉള്‍പ്പെടെ ഭൂരിപക്ഷ പിന്തുണ ബിജു മാത്യൂസിനായിരുന്നു. വിമത കോണ്‍ഗ്രസിലെ ടോണി തൈപ്പറമ്പിലും വൈസ് ചെയർമാൻ സ്ഥാനത്തിനായി നീക്കം കടുപ്പിച്ചിരുന്നു.
വിമതരായി നഗര വികസന മുന്നണിക്കൊപ്പം എത്തിയ നാല് കോണ്‍ഗ്രസ് കൗണ്‍സിലർമാർക്കും സ്ഥാനങ്ങള്‍ നല്കുന്ന ധാരണയുടെ ഭാഗമായാണ് ബിജു മാത്യൂസിനെ വൈസ് ചെയർമാൻ സ്ഥാനത്തേക്ക് പിന്തുണച്ചതെന്ന് ബിജു പാലൂപ്പടവൻ വ്യക്തമാക്കി.
താൻ ആഗ്രഹിച്ച പദവി ലഭിക്കാതെ വരുന്ന സാഹചര്യത്തില്‍ ടോണി തൈപ്പറമ്പിലിന്റെ നിലപാട് എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ നാടകീയ സംഭവങ്ങളും ഉണ്ടായേക്കാം. യു.ഡി.എഫിന്റെ സ്ഥാനാർത്ഥിയായി സെബാസ്റ്റ്യൻ പനയ്ക്കല്‍ മത്സരിക്കാനാണ് സാദ്ധ്യത.






