ഇടുക്കി: മറയൂർ ശർക്കരയ്ക്ക് ഇത് പ്രതിസന്ധി കാലമാണ്. വൻതോതില്‍ മറയൂരിലെ കരിമ്പ് പാടങ്ങള്‍ നികത്തിപ്പോകുന്നതും വിപണിയില്‍ വ്യാജ ശർക്കര സുലഭമായതും തിരിച്ചടിയെന്നാണ് ഉത്പാദകർ പറയുന്നത്.
മറയൂരില്‍ 2000 ഏക്കറിലധികം ഉണ്ടായിരുന്ന കരിമ്പ് കൃഷി 500 ഏക്കറിലേക്ക് ചുരുങ്ങിയെന്നാണ് കണക്ക്.
വിളഞ്ഞ കിടക്കുന്ന കരിമ്പു പാടങ്ങളും ശർക്കരയുടെ സുഗന്ധവുമൊക്കെ മായുകയാണ് മറയൂരിലും സമീപത്തും. വന്യമൃഗ ശല്യത്തിൻ്റെ പേരില്‍ കരിമ്പിന് പകരം മറ്റ് വിളകള്‍ക്ക് വഴിമാറിയായിരുന്നു തുടക്കം. കവുങ്ങും തെങ്ങുമൊക്കെ പലരും വച്ചുതുടങ്ങി. പതുക്കെ റിസോർട്ടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും വഴിമാറി. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം 120 ഹെക്ടർ ഭൂമി ഇത്തരത്തില്‍ തരംമാറിയെന്നാണ് മറയൂർ , കാന്തല്ലൂർ വില്ലേജുകളിലെ കണക്ക്. അതായത് 150ലേറെ പുതിയ ഹോംസ്റ്റേകളുള്ക്ക് കരിമ്പ് പാടങ്ങള്‍ വഴിമാറിയെന്ന് ചുരുക്കം. ഇതിൻ്റെ പ്രതിഫലനം മറയൂർ ശർക്കരയിലുമുണ്ട്. കരിമ്പ് കൃഷി കുറഞ്ഞതോടെ ശർക്കര നിർമ്മിക്കുന്ന ആലകള്‍ പൂട്ടിപ്പോയി. വിപണിയില്‍ വ്യാജൻ സുലഭമായി. മറയൂരിൻ്റെ പേര് നിലനിർത്താൻ മാത്രം ശർക്കര ഉത്പാദിപ്പിക്കാൻ ഈ നാട് നിർബന്ധിതമായി.
കർഷകരെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ മേല്‍നോട്ടത്തില്‍ പ്രഖ്യാപിച്ച വികേന്ദ്രീകൃത സംസ്കരണ യൂണിറ്റ് ഇപ്പോഴും കടലാസില്‍ മാത്രമാണ്. കരിമ്പ് കർഷകർക്ക് ധനസഹായവും വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരവും കണ്ടില്ലെങ്കില്‍ ശേഷിക്കുന്ന കൃഷിയും പതുക്കെ ഇല്ലാതായേക്കും.






