പാലാ: പാലാ മുരിക്കുമ്പുഴയില്‍ അച്ഛനെയും മകനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തേക്കിലക്കാട്ടില്‍ പ്രേമാനന്ദൻ (65), മകൻ അമല്‍ പി ആനന്ദ് (30) എന്നിവരാണ് മരണപ്പെട്ടത്.
ഇന്നലെ വൈകിട്ട് 7.30നാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. രോഗബാധിതനായിരുന്ന അമലിന് വർഷങ്ങൾക്കു മുൻപുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റിരുന്നു. ഇതോടെ അമൽ കിടപ്പിലായി. പ്രേമാനന്ദനാണ് അമലിനെ ശുശ്രൂഷിച്ചിരുന്നത്.
ഒരുമാസം മുൻപ് അമലിന് അസുഖം മൂർച്ഛിക്കുകയും ന്യുമോണിയ ബാധിക്കുകയും ചെയ്തിരുന്നു. അമലിന്റെ തുടർചികിത്സയിലെ ബുദ്ധിമുട്ടുകളും മറ്റും പ്രേമാനന്ദനെ മാനസികമായി തളർത്തിയിരുന്നതായി അയൽവാസികൾ പറയുന്നു. കുറെക്കാലം പ്രേമാനന്ദൻ വിദേശത്ത് ജോലി ചെയ്തിട്ടുണ്ട്. പ്രേമാനന്ദന്റെ ഭാര്യ ശോഭന വൈകുന്നേരം ആശുപത്രിയിൽ പോയ സമയത്തായിരുന്നു സംഭവം. നഗരസഭ സർവീസിൽനിന്ന് വിരമിച്ചയാളാണ് ശോഭന.
പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണത്തിലെ ദുരൂഹത നീക്കാൻ ശാസ്ത്രീയ പരിശോധന നടത്തുമെന്നും പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു. ഇന്ന് ശാസ്ത്രീയ അന്വേഷണ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റും. ബന്ധുക്കളുടെ മൊഴിയും ഇന്നു രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു.






