പാലക്കാട്: പാലക്കാട് റെയില്‍വേ ഡിവിഷന് വിഭജനത്തില്‍ റെയില്‍വേ ജീവനക്കാര്‍ പ്രതിഷേധത്തിലേക്കെന്ന് റിപ്പോർട്ട്.
ഡിവിഷന് വിഭജനം തൊഴിലാളികളുടെ സ്ഥാനക്കയറ്റത്തെയും സ്ഥലമാറ്റത്തെയും ബാധിക്കും എന്നാണ് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
മംഗളൂരുവില്‍ ജോലി ചെയ്യുന്ന 1500 തൊഴിലാളികളില്‍ 60% മലയാളികളാണ്. ഇവരില്‍ ഭൂരിഭാഗം പേരും വര്‍ഷങ്ങളായി പാലക്കാട് ഡിവിഷന് പുറത്ത് ജോലി ചെയ്തവരാണെന്നും ഇവര്‍ ചാണ്ടിക്കാട്ടുന്നു.
അര്‍ഹതപ്പെട്ട സ്ഥലമാറ്റവും സ്ഥാനക്കയറ്റവും നഷ്ടപ്പെടും എന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഡിവിഷന് വിഭജനം നടപ്പാക്കിയത് അംഗീകൃത സംഘടനകളോട് ചര്‍ച്ച നടത്താതെയാണെന്നാണ് ഇവര്‍ പറയുന്നത്.
ഡിവിഷന് വിഭജനം റെയില്‍വേയ്ക്ക് ഭരണപരമായ ഒരു നേട്ടവും നല്‍കുന്നില്ലെന്ന് ഡിആര്‍ഇയു ചൂണ്ടിക്കാട്ടുന്നു.
പാലക്കാട് റെയ്ല്‍വേ ഡിവിഷന് വിഭജനവുമായി ബന്ധപ്പെട്ട തീരുമാനം പുറത്ത് വന്നതിന് പിന്നാലെ വലിയ ആശങ്കയാണ് ഇത് സംസ്ഥാനത്ത് ഉയര്‍ത്തിയിരിക്കുന്നത്. മംഗലാപുരം പാലക്കാട് ഡിവിഷനില്‍ നിന്ന് വേര്‍പ്പെടുത്തുന്നതോട് കൂടി വരുമാനം കുറയും. ഏകദേശം 60 ശതമാനത്തിന്റെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
മംഗലാപുരം പരിധിയില്‍ നിന്ന് മാറ്റുന്നതോടെ പാലക്കാട് ഡിവിഷന് പുതിയ ട്രെയിനുകള്‍ കിട്ടാനുള്ള സാധ്യത കുറയും. പുതിയ ട്രെയിനുകള്‍ അനുവദിക്കുന്നത് വരുമാനം നോക്കി മാത്രമാണ്. വരുമാനം കുറയുന്നതോടെ ബജറ്റില്‍ വിഹിതം കുറയുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
കിലോമീറ്റര്‍, ട്രാക്ക് , പ്രധാന സ്റ്റേഷനുകള്‍ , വരുമാനം എന്നിവ മാനദണ്ഡമാക്കിയാണ് ബജറ്റ് വിഹിതം അനുവദിക്കുന്നത്. അടിയന്തരഘട്ടങ്ങളിലെ യാത്രയ്ക്ക് അനുവദിക്കുന്ന എമര്‍ജന്‍സി ക്വാട്ട സംവിധാനവും പേരിനുമാത്രമാവും. മംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന വണ്ടികള്‍ക്ക് എമര്‍ജന്‍സി ക്വാട്ടയില്‍ ടിക്കറ്റ് ലഭിക്കാന്‍ മൈസൂരു ഡിവിഷന് ആസ്ഥാനവുമായി ബന്ധപ്പെടേണ്ടിവരും






