പാലക്കാട് : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡിആർഎം ഓഫീസിലേക്ക് ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും നടത്തിയ പ്രതിഷേധ മാർച്ചുകൾ സംഘർഷത്തിൽ കലാശിച്ചു. ഒലവക്കോട് ഡിആർഎം ഓഫീസിന്റെ ഗേറ്റുകൾ ഉപരോധിച്ച ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസിന്റെ പ്രതിരോധം തകർത്ത് കവാടത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ജീവനക്കാരെ അകത്തേക്ക് കടത്തി വിടാതിരുന്നതിനെ തുടർന്ന് ചിലർ മതിൽ ചാടിയാണ് ഓഫീസിനുള്ളിൽ കടന്നത്. രണ്ടര മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവിൽ പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. അതിനിടെ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡി ആർ എം ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിലും സംഘർഷമുണ്ടായി. പൊലീസ് തടഞ്ഞതിനെ തുടർന്ന് പ്രവർത്തകർ മതിൽ ചാടി അകത്തു കടക്കുകയായിരുന്നു. പ്രതിഷേധ സമരം വികെ ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു.
പ്രതിഷേധങ്ങൾക്കിടെ വികെ ശ്രീകണ്ഠൻ എംപിയും സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവും തമ്മിലുള്ള വെല്ലുവിളിയും ശ്രദ്ധേയമായി. ബിജെപിക്കെതിരെ പ്രതിഷേധിക്കാൻ ധൈര്യമുണ്ടെങ്കിൽ ശ്രീകണ്ഠൻ അനിശ്ചിതകാല നിരാഹാര സമരം നടത്തണമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി ഡിവൈഎഫ്ഐ സമരത്തിനിടെ വെല്ലുവിളിയുമായി രംഗത്തെത്തിയത്. ആണത്തമുണ്ടെങ്കിൽ ബിജെപിക്കെതിരെ പ്രതിഷേധം ഉയർത്തൂ എന്നായിരുന്നു ശ്രീകണ്ഠന്റെ തിരിച്ചടി. അല്ലാതെ എംപിയെ അധിക്ഷേപിക്കുകയല്ല വേണ്ടതെന്നും ബി ജെ പിയെ ഭയന്നാണ് ഇവരുടെ രാഷ്ട്രീയ പ്രവർത്തനമെന്നും ശ്രീകണ്ഠൻ കൂട്ടിച്ചേർത്തു.






