നിലമ്പൂർ: ബേപ്പൂരിലെ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പിവി അൻവർ. തന്നെ ചേർത്തുനിർത്തേണ്ടവർ തന്നെ പരാജയപ്പെടുത്തിയെന്ന് അൻവർ ആരോപിച്ചു.
കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാറിന്റെ പ്രസംഗം പങ്കുവെച്ചാണ് അൻവറിന്റെ വിമർശനം. "മലർന്നുകിടന്ന് തുപ്പുന്നവർ നല്കുന്ന സന്ദേശമെന്ത്?" എന്ന് ചോദിച്ച അൻവർ, മന്ത്രിസ്ഥാനം സ്വപ്നം കണ്ടവർ തന്നെ പിന്നില്‍ നിന്ന് കുത്തിയെന്നും ആരോപിച്ചു.
താൻ ചതിക്കപ്പെട്ടുവെന്ന് സമൂഹത്തോട് വിളിച്ചുപറയാൻ ജാള്യതയുണ്ടെന്നും അൻവർ പറഞ്ഞു. ബേപ്പൂരിലെ സ്ഥാനാർഥി നിർണയം പാളിയെന്ന പ്രവീണ്‍ കുമാറിന്റെ പരാമർശമാണ് അൻവർ പങ്കുവെച്ചത്. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച അൻവർ 7,487 വോട്ടിനാണ് എല്‍ഡിഎഫ് സ്ഥാനാർഥിയും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിനോട് പരാജയപ്പെട്ടത്.
അതേസമയം, ബേപ്പൂരിലെ സ്ഥാനാർഥിത്വം പിഴച്ചുവെന്ന വിമർശനം കെ. പ്രവീണ്‍ കുമാർ നേരത്തെ ഉന്നയിച്ചിരുന്നു. അൻവറിന് പകരം കോണ്‍ഗ്രസിന്റെ ചിഹ്നമായ കൈപ്പത്തിയിലോ യുഡിഎഫിന്റെ കോണി ചിഹ്നത്തിലോ സ്ഥാനാർഥിയെ മത്സരിപ്പിക്കേണ്ടിയിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അങ്ങനെ ചെയ്തിരുന്നെങ്കില്‍ കോഴിക്കോട് ജില്ലയിലെ മുഴുവൻ സീറ്റുകളിലും യുഡിഎഫിന് വിജയിക്കാനാകുമായിരുന്നുവെന്നും ആ യാഥാർഥ്യം ഇപ്പോഴാണ് തിരിച്ചറിയുന്നതെന്നും പ്രവീണ്‍ കുമാർ പറഞ്ഞിരുന്നു. ഈ പരാമർശം കൂടി ആയുധമാക്കിയാണ് അൻവർ കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
FACEBOOK POST
ചതിച്ചതാര് ?ചന്തു തന്നെ.മഷിയിട്ടു നോക്കേണ്ട കാര്യമില്ല.ഉത്തരവാദിത്തപ്പെട്ടവർ തന്നെ വിളിച്ചു പറഞ്ഞത് കേട്ടു.ബേപ്പൂരിലെ ജനങ്ങളും സഖാക്കളും എന്നെ വിജയിപ്പിച്ചപ്പോള്‍ , പരാജയപ്പെടുത്തിയത് ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ തന്നെ.നിലവിലെ പ്രതിപക്ഷ നേതാവിനും,കുടുംബാംഗങ്ങള്‍ക്കും എതിരെ കഴിഞ്ഞ ദിവസങ്ങളില്‍ ഉയർന്നുവരുന്ന വാർത്തകള്‍ എല്ലാവരും കാണുന്നുണ്ടല്ലോ!അതില്‍ ഒരാള്‍ എനിക്കെതിരെ മത്സരിച്ച നിങ്ങള്‍ വിജയിപ്പിച്ചു എന്ന് വീരവാദം മുഴക്കുന്ന സ്ഥാനാർത്ഥി തന്നെ!!!ഒന്നരവർഷമായി ഞാൻ നടത്തിയ പോരാട്ടത്തിന്റെ അർത്ഥവും സത്യവും വെളിവാകുന്ന രീതിയില്‍ സത്യങ്ങള്‍ ഓരോന്നായി പുറത്തുവരികയാണ്.ക്രിയാത്മക പ്രതിപക്ഷം എന്ന നിലയില്‍ പിണറായിസത്തിനും,മരുമോനിസത്തിനും,കുടുംബാധിപത്യത്തിനും എതിരായി ഞാൻ നടത്തിയ ഒറ്റയാള്‍ പോരാട്ടം തന്നെയാണ് 102 സീറ്റിന്റെ ഉയരത്തിലേക്ക് ചവിട്ടിക്കയറാൻ യുഡിഎഫിനെ പ്രാപ്തമാക്കിയത്.ആ102 -ല്‍ എനിക്ക് ഗുരുതുല്യമായവരും,അഭിവന്ദ്യരും സമാദരണീയരുമായ വ്യക്തിത്വങ്ങളുണ്ട്.അവരോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ട് തന്നെ പറയട്ടെ,പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഒരു വാർഡിലേക്ക് മത്സരിച്ചാല്‍ പോലും കെട്ടിവെച്ച കാശ് തിരികെ ലഭിക്കാൻ സാധ്യതയില്ലാത്ത ബഹുഭൂരിപക്ഷം പേരും വിജയിച്ചത് ഇന്ന് പുറത്തു വന്നുകൊണ്ടിരിക്കുന്ന പിണറായിസത്തിൻ്റെ മുഖംമൂടി വലിച്ചുകീറി എൻ്റെ ആരോഗ്യവും ജീവനും സമ്പത്തും വകവക്കാതെയും, പരിഗണിക്കാതെയും,സ്ഥാനമാനങ്ങള്‍ ത്യജിച്ചും “രാഷ്ട്രീയ ഭാവിക്കുവേണ്ടി” ഒട്ടും “അഡ്ജസ്റ്റ്” ചെയ്യാതെയും പൊതുസമൂഹത്തിന്റെ മുന്നില്‍ ഞാൻ തുറന്നു കാണിച്ചത് കൊണ്ടാണ് എന്ന് മറക്കരുത്.മലർന്നു കിടന്നു തുപ്പുന്നവർ ഈ മുന്നണിയുമായി സഹകരിക്കാൻ ഭാവിയിലും തയ്യാറായേക്കാവുന്ന സംഘടനകള്‍ക്കും വ്യക്തികള്‍ക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും നല്കുന്ന സന്ദേശം എന്താണ് എന്നുകൂടി വ്യക്തമാക്കേണ്ടതുണ്ട്.തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്കു മുമ്പ് പ്രചരണത്തിന് എത്തിയ നിലവിലെ മുഖ്യമന്ത്രി ഒരു യോഗത്തില്‍ വച്ച് “ബേപ്പൂരില്‍ പി വി അൻവറിനെ വിജയിപ്പിച്ചാല്‍ ബേപ്പൂരിന് ഒരു സമ്മാനമുണ്ട് ” എന്ന് പറഞ്ഞതിലൂടെ മന്ത്രിസ്ഥാനം സ്വപ്നം കണ്ടവരുടെ ഉറക്കം കെട്ടിരുന്നോ!!!? എന്നതും പുനഃ പരിശോധിക്കേണ്ടതുണ്ട്.ഇത് കണ്ടപ്പോള്‍ “ബ്രൂട്ടസേ നീയും!”എന്നെനിക്ക് തോന്നിയില്ല.കാരണം, എനിക്കിത് അന്നേ മനസ്സിലായതാണ്.പാളയത്തിലെ ചതിയും, പിന്നില്‍ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു എന്നുള്ളത് സത്യം തന്നെയാണ്.എൻ്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണവും അതാണ്.ചേർത്തുപിടിക്കേണ്ടവരാല്‍ ചതിക്കപ്പെട്ടു എന്ന് ഈ സമൂഹത്തോട് വിളിച്ചു പറയാൻ എനിക്ക് ജാള്യതയുണ്ട്.അതെൻ്റെ ചരിത്രപരമായ പാരമ്പര്യത്തില്‍ നിന്നും ഉണ്ടായിത്തീരുന്നതാണ്.“ഞങ്ങള്‍ ചതിച്ചതു തന്നെ” എന്ന് വിളിച്ചു പറയാൻ ഉളുപ്പില്ലാത്തവർ ഉണ്ടെങ്കില്‍ ഇനിയും പറയട്ടെ.പക്ഷേ,രാവും പകലും ഇല്ലാതെ എൻ്റെ കൂടെ പ്രവർത്തിച്ച സാധാരണക്കാരായ പ്രവർത്തകരോടും, അവരുടെ കുടുംബങ്ങളോടും, കേരളത്തിലെ ജനാധിപത്യ വിശ്വാസികളോടും,പിണറായിസത്തിനെതിരെ കൈകോർത്തു തോളോട് തോള് ചേർന്ന് നിന്ന് പോരാടിയ സഖാക്കള്‍ അടക്കമുള്ള ആബാലവൃദ്ധം ജനങ്ങളോടുമുള്ള നന്ദിയും കടപ്പാടും എന്നും എൻ്റെ മനസ്സില്‍ സുദൃഢമായിരിക്കും.






