പാലാ: ഈ മാസം 19ന് നടക്കുന്ന നഗരസഭ ചെയർപേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ നിലവിലെ 17 അംഗ ടീമിന്റെ സ്ഥാനാർത്ഥി മായാ രാഹുലിനെതിരെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ യു.ഡി.എഫ് പാർലമെന്ററി പാർട്ടിയോഗം തീരുമാനിച്ചു.
സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ യു.ഡി.എഫ് ജില്ലാ നേതൃത്വത്തെ ചുമതലപ്പെടുത്താൻ യോഗം ഐകകണ്ഠേന തീരുമാനിച്ചു. മുൻ ചെയർപേഴ്സണ്‍ ദിയാ ബിനുവിനെ യോഗം അഭിനന്ദിച്ചു. കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി ലീഡറും യു.ഡി.എഫ് സംയുക്ത പാർലമെന്ററി പാർട്ടി ലീഡറുമായ സെബാസ്റ്റ്യൻ
ജെ. പനക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ജോർജ് എം.പി, മാണി സി. കാപ്പൻ എം.എല്‍.എ എന്നിവർക്ക് പുറമേ യു.ഡി.എഫിനൊപ്പം നില്ക്കുന്ന ഒമ്പത് കൗണ്‍സിലർമാരും യോഗത്തില്‍ പങ്കെടുത്തു..
യു.ഡി.എഫ് അംഗമായിരിക്കും ചെയർപേഴ്സണാവുകയെന്ന് നാളുകള്‍ക്ക് മുമ്പ് തന്നെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ കൗണ്‍സിലർമാർ ചൂണ്ടിക്കാട്ടിയിരുന്നു. ചെയർപേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കെ, നഗരസഭയില്‍ 'യഥാർത്ഥ യു.ഡി.എഫ്' ആരെന്നതിനെച്ചൊല്ലിയുള്ള അവകാശവാദങ്ങളാണ് ഇപ്പോള്‍ ചർച്ചയാവുന്നത്. കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട ടോണി തൈപ്പറമ്പില്‍ ഉള്‍പ്പെടെയുള്ളവർ തങ്ങളും യു.ഡി.എഫ് പക്ഷാമെന്ന നിലപാടുമായി രംഗത്തുണ്ട്. ചെയർപേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കുന്നു എന്നതിലുപരി ആരാണ് യഥാർത്ഥ യു.ഡി.എഫ് എന്നതിലേക്കാണ് ഇപ്പോള്‍ ചർച്ച നീളുന്നത്.






