തിരുവനന്തപുരം: ബെവ്കോ ഷോപ്പുകളിലെ ജീവനക്കാർക്ക് മമതയില്ലാത്ത മദ്യ ഇനങ്ങള്‍ പൂഴ്ത്തി വയ്ക്കുന്ന കലാപരിപാടി ഇനി നടപ്പില്ല. വില്പനയ്ക്കുള്ള എല്ലാ മദ്യ ഇനങ്ങളുടെയും ഒരു ബോട്ടിലെങ്കിലും ഉപഭോക്താക്കള്‍ക്ക് കാണത്തക്ക വിധം ഡിസ്പ്ലെ റാക്കുകളില്‍ പ്രദർശിപ്പിക്കണം. ഫ്രീസറുകളില്‍ കൃത്യമായ ഇടവേളകളില്‍ ബിയർ ബോട്ടിലുകള്‍ നിറച്ചു വയ്ക്കണമെന്നും ബെവ്കോ സർക്കുലറില്‍ നിർദ്ദേശിച്ചു.
ഓണക്കാലത്ത് മദ്യം വാങ്ങാനെത്തുന്ന ഉപഭോക്താക്കള്‍ക്ക് ഒരുവിധ ബുദ്ധിമുട്ടും ഉണ്ടാവാതിരിക്കാനുള്ള നടപടികളുടെ ഭാഗമായി വെയർഹൗസുകളിലും ചില്ലറ വില്പനശാലകളിലും മറ്റ് മുന്നൊരുക്കങ്ങളും ഏർപ്പെടുത്തി. ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന മദ്യംതന്നെ നല്‍കണം. ഒരു വില്പന ശാലയിലും സ്റ്റോക്കില്ലാത്ത സ്ഥിതി ഉണ്ടാവരുത്. ഏതെങ്കിലും മദ്യവിതരണക്കാരെയോ പ്രത്യേക ഇനം മദ്യത്തെയോ പ്രോത്സാഹിപ്പിക്കാൻ പാടില്ല. വിലകുറഞ്ഞ മദ്യഇനങ്ങള് എല്ലാ വെയർഹൗസുകളിലും ചില്ലറ വില്പനശാലകളിലും ലഭ്യമാണെന്ന് റീജിയണല്‍ മാനേജർമാരും ഷോപ്പ് ഇൻചാർജുമാരും ഉറപ്പുവരുത്തണം.
ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാൻ പരമാവധി ശ്രമിക്കണം. സ്വൈപ്പിംഗ് മെഷീൻ, യു.പി.ഐ പേയ്മെന്റ് സംവിധാനം പ്രവർത്തന ക്ഷമമെന്ന് ഉറപ്പാക്കണം. ചില്ലറ വില്പന ശാലകളിലെ എല്ലാ ജീവനക്കാരും ഓണം നാളുകളില്‍ എല്ലാ ദിവസവും ജോലിക്ക് ഹാജരാവണം. ജോലിക്ക് എത്താൻ കഴിയാത്തവർ വെയർഹൗസ് മാനേജരില്‍ നിന്ന് മുൻകൂർ അനുമതി വാങ്ങണം. ചില്ലറ വില്പന ശാലകളിലെ മുഴുൻ ജീവനക്കാരും ഈ ദിവസങ്ങളില്‍ മുഴുവൻ സമയവും ഷോപ്പുകളില്‍ തന്നെ ഉണ്ടാവണം.






