പലക്കാട്: കേരളത്തിലെ കർഷകരില്‍ നിന്ന് നേരിട്ട് നെല്ല് സംഭരിക്കാനുള്ള കേന്ദ്ര ഏജൻസിയുടെ പദ്ധതി അനിശ്ചിതത്വത്തില്‍.
നെല്ല് സംഭരിക്കാൻ കർഷകരില്‍ നിന്ന് സമ്മതപത്രം വാങ്ങിയെങ്കിലും തുടർ നടപടി ഉണ്ടായില്ല.
കേന്ദ്ര ഏജൻസി ഇപ്പോഴും പഠനം നടത്തിക്കൊണ്ടിരിക്കുകയാണെന്നും സംസ്ഥാന സർക്കാരിന്റെ പിന്തുണയില്ലാതെ പദ്ധതി നടപ്പിലാക്കാൻ ആകില്ലെന്നുമാണ് ബിജെപി പറയുന്നത്.
നെല്ല് സംഭരിക്കാൻ തൃശൂർ, പാലക്കാട് ജില്ലകളിലെ കർഷകരില്‍ നിന്ന് കഴിഞ്ഞ വർഷം അവസാനമാണ് കേന്ദ്ര ഏജൻസിയായ നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷൻ എന്ന എൻസിസിഎഫ് സമ്മതപത്രം വാങ്ങിയത്.
കയറ്റുമതി അടക്കം മുന്നില്‍ കണ്ട് തെരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍ നിന്ന് ഗുണനിലവാരമുള്ള നെല്ല് സംഭരിക്കുമെന്നായിരുന്നു അറിയിപ്പ്. പാലക്കാട്ടെ 5 പഞ്ചായത്തുകളില്‍ നിന്നായി 500 കർഷകരുടെ സമ്മതപത്രം കൈപ്പറ്റി.
ആദ്യഘട്ടത്തില്‍ പാലക്കാട്ടും തൃശൂരിലും നിന്നായി അമ്പതിനായിരം ടണ്‍ നെല്ല് സംഭരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ തുടർനടപടി ഒന്നുമായില്ല.
തെരഞ്ഞെടുപ്പ് കാലത്ത് വലിയ വാഗ്ദാനം നല്കി കർഷകരെ ബിജെപി പറ്റിച്ചുവെന്നാണ് ആക്ഷേപം.
അതേസമയം, കയറ്റുമതിക്ക് ഉള്‍പ്പെടെ സംസ്ഥാന സർക്കാരിന്റെ പിന്തുണ ലഭിക്കുന്നില്ല എന്നാണ് ബിജെപി പറയുന്നത്.






