പാലാ: കൊല്ലപ്പള്ളി ടൗണിലെ മഴക്കാല വെള്ളപ്പൊക്ക ഭീഷണി കുറയ്ക്കുന്നതിനായി കൊല്ലപ്പള്ളിത്തോട്ടിൽ ശുചീകരണവും നവീകരണ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. തോട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനൊപ്പം ഒഴുക്കിന് തടസ്സമാകുന്ന മൺതിട്ടകളും നിരപ്പാക്കുന്ന നടപടികളാണ് നടക്കുന്നത്.
കൊല്ലപ്പള്ളി ടൗണിനോട് ചേർന്നുള്ള ഏകദേശം 600 മീറ്റർ നീളമുള്ള ഭാഗമാണ് ശുചീകരണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. പുളിച്ചമാക്കൽ പാലത്തിന് സമീപം ഇടതൂർന്ന് വളർന്ന കൈതച്ചെടികൾ നീക്കം ചെയ്യുകയും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പൂർണമായും കോരിമാറ്റുകയും ചെയ്യും. മാലിന്യം അടിഞ്ഞുകൂടിയതോടെ ഈ ഭാഗത്തെ ജലഒഴുക്ക് ഏറെക്കാലമായി തടസ്സപ്പെട്ട നിലയിലായിരുന്നു.
ഒഴുക്ക് നിലച്ചതിനെ തുടർന്ന് മഴക്കാലത്ത് തോട്ടിന്റെ മുകൾഭാഗങ്ങളിൽ വെള്ളം കരകയറുന്നതും പതിവായിരുന്നു. ജലനിരപ്പ് താഴുമ്പോൾ തോട് മുഴുവൻ മാലിന്യങ്ങൾ നിറഞ്ഞ് ദുർഗന്ധം പരക്കുന്നതും പ്രദേശവാസികൾ നേരിടുന്ന പ്രധാന പ്രശ്നമായി മാറിയിരുന്നു.
തോട്ടിൽ ഉയർന്നുനിൽക്കുന്ന മൺതിട്ടകൾ ഒഴുക്കിന് തടസ്സമാകുന്നതിനാൽ ശക്തമായ മഴയിൽ വെള്ളം കൊല്ലപ്പള്ളി ടൗണിലേക്ക് ഇരച്ചുകയറുകയും പാലാ–തൊടുപുഴ റോഡിലും സമീപ റോഡുകളിലും ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ജലഒഴുക്ക് സുഗമമാക്കി വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുക എന്നതാണ് നവീകരണത്തിന്റെ പ്രധാന ലക്ഷ്യം.
ജലവിഭവ വകുപ്പിന്റെ മഴക്കാലപൂർവ ശുചീകരണ പദ്ധതിയുടെ ഭാഗമായി, മാണി സി. കാപ്പൻ എം.എൽ.എ.യുടെ ഇടപെടലിലൂടെ അനുവദിച്ച മൂന്ന് ലക്ഷം രൂപ ചെലവഴിച്ചാണ് തോട് ശുചീകരണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.






