തിരുവനന്തപുരം : സംസ്ഥാനത്ത് നാളെയും അതിശക്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഇത് പ്രകാരം നാളെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മഴ മുന്നറിയിപ്പിൽ രാത്രിയോടെയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മാറ്റം വരുത്തിയത്.
നേരത്തെ നാളെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ടായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പുതിയ അറിയിപ്പ് പ്രകാരം നാളെ 12 ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
അതേസമയം തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നാളെ യെല്ലോ അലർട്ട് തുടരും. നിലവിൽ നാളെ സംസ്ഥാനത്ത് 6 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.






