പാമ്പാടി : ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പാമ്പാടി ബസ് സ്റ്റാൻഡിൽ വളർന്നിരുന്ന കഞ്ചാവ് ചെടി കണ്ടെത്തി. തൈതോട്ടം റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.

പാമ്പാടി ബസ് സ്റ്റാൻഡിൽ പബ്ലിക് ലൈബ്രറിയോട് ചേർന്ന് ഏകദേശം 110 സെന്റീമീറ്റർ ഉയരമുള്ള ചെടിയാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ചെടി കണ്ടെത്തിയ പ്രദേശത്തും പരിസരങ്ങളിലും വിശദമായ പരിശോധന നടത്തിയെങ്കിലും മറ്റ് കഞ്ചാവ് ചെടികളൊന്നും കണ്ടെത്താനായില്ല.
ചെടി അവിടെ വളരാനിടയായ സാഹചര്യം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ എക്സൈസ് ഇൻസ്പെക്ടർ പി ഗോകുൽ ലാൽ അറിയിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് വിഎൻ പ്രദീപ് കുമാർ, എക്സൈസ് ഉദ്യോഗസ്ഥരായ സജീവ് കെഎൽ, അഖിൽ പവിത്രൻ, ഷൈജു പിഎ, അതുൽ രാജ് എആർ, ഷിഹാസ് വിഎൻ എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.






