തിരുവനന്തപുരം: ലഹരിവ്യാപനത്തിനെതിരെ സംസ്ഥാനത്ത് കേരള പോലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' ഡ്രൈവിന്റെ ഭാഗമായി നടപ്പിലാക്കിയ പരിശോധനകളില്‍ ഇതുവരെ 12,716 പേർ അറസ്റ്റിലായി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ വ്യാപക പരിശോധനയെ തുടർന്നാണിത്. കഴിഞ്ഞ ദിവസം 33 കേസുകളിലായി 43 പേർ കൂടി അറസ്റ്റിലായതോടെ, ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എടുത്ത ആകെ കേസുകളുടെ എണ്ണം 11,790 ആയി ഉയർന്നു.
പരിശോധനകളുടെ ഭാഗമായി വൻതോതില്‍ ലഹരിവസ്തുക്കളാണ് പോലീസ് പിടിച്ചെടുത്തത്. ഇതുവരെ 24,480.936 ഗ്രാം എം.ഡി.എം.എയും (MDMA) 1,590.302 കിലോഗ്രാം കഞ്ചാവും പോലീസിന്റെ കസ്റ്റഡിയിലായിട്ടുണ്ട്.
വിവിധ വകുപ്പുകളില്‍ എടുത്ത കേസുകള്‍
കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളില്‍ ചെറിയ അളവില്‍ (Small Quantity) ലഹരിവസ്തുക്കള്‍ കൈവശം വച്ചതിന് 12 കേസുകളും, ഇടത്തരം അളവില്‍ (Medium Quantity) കൈവശം വച്ചതിന് 6 കേസുകളുമാണ് എടുത്തത്. ഇതിനുപുറമേ, എൻ.ഡി.പി.എസ് (NDPS) ആക്ട് സെക്ഷൻ 27 പ്രകാരം 15 കേസുകളും പുകയില വിരുദ്ധ നിയമമായ (COTPA) കോട്പ പ്രകാരം 31 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ പരിശോധനയില്‍ മാത്രം 11.700 ഗ്രാം എം.ഡി.എം.എയും 8.140 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു.






