തിരുവനന്തപുരം : ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയില്‍. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഓണാഘോഷവുമായി ബന്ധപ്പെട്ടാണ് നടപടി.
ഒന്നാം പ്രതി നിതിൻരാജ്, 16ാം പ്രതി ഐ.പി. ബിനു എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാണ് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ സന്തോഷ് കുമാറാണ് കോടതിയില്‍ അപേക്ഷ നല്‍കിയത്.
പ്രതികള്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്നും അധികാര പരിധി ലംഘിച്ച് പൊലീസ് സ്റ്റേഷനുകളുടെ ഭാഗമായ സ്ഥലങ്ങളില്‍ എത്തിയെന്നും സാക്ഷികളെയോ സാക്ഷികളെ സ്വാധീനീക്കാൻ പറ്റുന്നവരുമായോ അടുത്ത ബന്ധമുണ്ടെന്ന് ബോദ്ധ്യപ്പെടുത്താൻ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചു എന്ന് അപേക്ഷയില്‍ പറയുന്നു.
പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചസംഭവിച്ചെന്ന് കാട്ടി സിറ്റി പൊലീസ് കമ്മിഷണർ ഉന്നതോദ്യോഗസ്ഥർക്ക് നേരത്തെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സ്റ്റേഷനിലെത്തി ഒപ്പിട്ട ശേഷം പ്രതികളെ അപ്പോള്‍തന്നെ പറഞ്ഞുവിടുന്നതില്‍ എസ്.എച്ച്.ഒയ്ക്കും മറ്റ് പൊലീസുകാർക്കും ഉത്തരവാദിത്വമുണ്ടായിരുന്നു. സ്റ്റേഷനില്‍ ഓണം ആഘോഷിക്കാൻ ഒരുക്കിയിരുന്ന ഊഞ്ഞാല്, ചെണ്ട എന്നിവ പ്രതികള്‍ ഉപയോഗിച്ചത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണ്. ഇതു തടയാനായില്ല എന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. റിപ്പോർട്ട് സിറ്റി പൊലീസ് കമ്മിഷണർ ഡോ.അരുള്‍ ബി.കൃഷ്ണ ദക്ഷിണമേഖലാ ഐ.ജിക്ക് കൈമാറി.
ഏതെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് പ്രതികള്‍ക്ക് സഹായം ലഭിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിലുണ്ട്. സ്പെഷ്യല്‍ ബ്രാഞ്ച് തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷണർ റിപ്പോർട്ട് സമർപ്പിച്ചത്. സംഭവത്തില്‍ മ്യൂസിയം സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോർട്ടും ചൂണ്ടിക്കാട്ടിയിരുന്നു.






