കൊച്ചി: വടക്കൻ പറവൂർ താലൂക്ക് ആശുപത്രിക്കെതിരായ ചികിത്സാപ്പിഴവ് ആരോപണത്തില്‍ പരാതിക്കാരനായ കുന്നുകര സ്വദേശി അബ്ദുല്‍ ജബ്ബാർ ഇന്ന് വീണ്ടും ആശുപത്രി സൂപ്രണ്ടിനെ കാണും.
തുടർചികിത്സ ഉറപ്പാക്കണമെന്നും സംഭവത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് 56കാരനായ അബ്ദുല്‍ ജബ്ബാറിന്റെ ആവശ്യം.
അതേസമയം, ചികിത്സ നല്കുന്നതില് ആശുപത്രിയുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ നിന്നുള്ള പ്രാഥമിക റിപ്പോർട്ട്.
ജൂലൈ 26ന് രാത്രിയില്‍ കാലിന് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് അബ്ദുല്‍ ജബ്ബാർ വടക്കൻ പറവൂർ താലൂക്ക് ആശുപത്രിയിലെത്തിയത്. എന്നാല്‍, പരിശോധനയില്‍ സ്ട്രോക്ക് ഉണ്ടായ കാര്യം തിരിച്ചറിയാതെ വേദനസംഹാരികള്‍ നല്കി തിരിച്ചയച്ചെന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം.
രാത്രിയില്‍ വീണ്ടും വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിയപ്പോഴും സമാനമായ ചികിത്സയാണ് ലഭിച്ചതെന്നും പരാതിയില്‍ പറയുന്നു.






