തിരുവനന്തപുരം: കേരളത്തിൽ ഇന്നലെ അനുഭവപ്പെട്ട അപ്രതീക്ഷിത മഴയ്ക്കും മലവെള്ളപ്പാച്ചിലിനും കാരണം മേഘവിസ്ഫോടനമല്ലെന്ന് തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം ഡയറക്ടർ വ്യക്തമാക്കി.
ചെറിയ പ്രദേശത്ത് കുറഞ്ഞ സമയത്തിനുള്ളിൽ അതിശക്തമായ മഴ പെയ്തതാണ് നിലവിലെ പ്രതിഭാസത്തിന് വഴിവെച്ചതെന്നും ഐ എം ഡി തിരുവനന്തപുരം ഡയറക്ട്ർ നിത കെ ഗോപാൽ വിവരിച്ചു. മേഘവിസ്ഫോടനം എന്ന് വർഗ്ഗീകരിക്കാവുന്ന അളവിൽ മഴ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും, പരിമിതമായ സ്ഥലങ്ങളിൽ കുറഞ്ഞ സമയത്തിനിടയിൽ കൂടുതൽ മഴ ലഭിക്കുന്ന പ്രവണത കേരളത്തിൽ ഇപ്പോൾ പതിവായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഐ എം ഡി ഡയറക്ടർ ചൂണ്ടിക്കാട്ടി.
അന്തരീക്ഷ താപനില വർദ്ധിച്ചു നിൽക്കുന്നതും ബംഗാൾ ഉൾക്കടലിലെയും അറബിക്കടലിലെയും ന്യൂനമർദ്ദ സാന്നിധ്യവുമാണ് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നത്. വരും ദിവസങ്ങളിലും സമാന രീതിയിൽ ചെറിയ പ്രദേശങ്ങളിൽ പെട്ടെന്ന് ശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
പൊതുജനങ്ങളും പ്രാദേശിക ഭരണകൂടങ്ങളും മലവെള്ളപ്പാച്ചിൽ സാധ്യത മുന്നിൽ കണ്ട് ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും നിത കെ ഗോപാൽ ആവശ്യപ്പെട്ടു.
വനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.






