രാത്രി ഉറങ്ങുന്നതിന് മുൻപ് നമ്മള് കഴിക്കുന്ന ഭക്ഷണം ആരോഗ്യത്തെയും ഉറക്കത്തെയും നേരിട്ട് ബാധിക്കും.
പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണെങ്കിലും രാത്രിയില്‍ കഴിച്ചാല്‍ പ്രശ്നമുണ്ടാക്കുന്ന 5 ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാം.
ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം
ആരോഗ്യത്തോടെയിരിക്കാൻ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നത് പോലെ പ്രധാനമാണ് അത് കഴിക്കുന്ന സമയവും. പകല്‍ സമയത്ത് നല്ലതെന്ന് കരുതുന്ന ചില ഭക്ഷണങ്ങള്‍ രാത്രിയില്‍ കഴിച്ചാല്‍ ദഹനപ്രശ്നങ്ങളും ഉറക്കക്കുറവും ഉണ്ടാകാം. അത്തരം 5 ഭക്ഷണങ്ങള്‍ പരിചയപ്പെടാം.
1. ചീര
പോഷകങ്ങള്‍ ധാരാളമുണ്ടെങ്കിലും ചീര രാത്രിയില്‍ കഴിക്കുന്നത് ഒഴിവാക്കണം. രാത്രിയില്‍ നമ്മുടെ ദഹനപ്രക്രിയ പതിയെയാകും. ചീരയിലുള്ള ഫൈബറും അയണും ദഹിക്കാൻ പ്രയാസമാണ്. ഇത് വയറിന് ഭാരം കൂട്ടാനും ഉറക്കത്തില്‍ അസ്വസ്ഥതയുണ്ടാക്കാനും കാരണമാകും.
2. പഴങ്ങളും ജ്യൂസും
പഴങ്ങള്‍ ആരോഗ്യത്തിന് നല്ലതാണെങ്കിലും, അത്താഴത്തിനൊപ്പമോ ഉറങ്ങുന്നതിന് മുൻപോ കഴിക്കുന്നത് അത്ര നല്ലതല്ല. പഴങ്ങളിലെ സ്വാഭാവിക മധുരം രാത്രിയില്‍ ദഹിക്കാൻ പ്രയാസമാണ്. ഇത് ചിലരില്‍ വയറുവേദനയ്ക്കും ഉറക്കം നഷ്ടപ്പെടാനും കാരണമാകും.
3. പച്ച വെള്ളരിയും ബീറ്റ്റൂട്ടും
കുക്കുമ്പറും ബീറ്റ്റൂട്ടും ശരീരത്തിന് തണുപ്പ് നല്കുന്നവയാണ്. വൈകുന്നേരമോ രാത്രിയിലോ ഇവ കഴിക്കുന്നത് ശരീര താപനില കുറയ്ക്കുകയും ദഹനത്തെ ദുർബലമാക്കുകയും ചെയ്യും.
4. മുളപ്പിച്ച പയർ
മുളപ്പിച്ച പയർവർഗങ്ങളില്‍ പ്രോട്ടീനും ഫൈബറും കൂടുതലാണ്. എന്നാല്‍, ഇവ രാത്രിയില്‍ പച്ചയ്ക്ക് കഴിച്ചാല്‍ ദഹിക്കാൻ കൂടുതല്‍ സമയമെടുക്കും. ഇത് ഗ്യാസ്, വയറുവീർപ്പ്, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. പകല്‍ സമയത്ത് കഴിക്കുന്നതാണ് ഉചിതം.
5. തൈര്
തൈര് ആരോഗ്യത്തിന് വളരെ നല്ലതാണെങ്കിലും, പകല്‍ സമയത്ത് കഴിക്കുന്നതാണ് കൂടുതല്‍ പ്രയോജനകരം. തൈരിന് തണുപ്പ് നല്‍കാനുള്ള കഴിവുണ്ട്. അതിനാല്‍ രാത്രിയില്‍ കഴിക്കുന്നത് ശരീരത്തില്‍ കഫം കൂടാനും ജലദോഷം പോലുള്ള പ്രശ്നങ്ങള്‍ക്കും കാരണമാകും. ദഹനപ്രക്രിയ പതുക്കെയാകുന്നതുകൊണ്ട് തൈര് ശരിയായി ദഹിക്കാതെയും വരാം. ഈ ലളിതമായ മാറ്റങ്ങള്‍ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ, മികച്ച ദഹനവും നല്ല ഉറക്കവും നേടാനാകും.






