കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം. ഗൂർഖ ജില്ലയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 35-ലധികം വീടുകളും പാലങ്ങളും ഒലിച്ചുപോയി.
ജലവൈദ്യുത പദ്ധതിക്കും കേടുപാടുകള്‍ സംഭവിച്ചു. ത്രിശൂലി നദിയുടെ കൈവഴിയായ ബുധി ഗന്ധകി നദിയില്‍ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതിനെ തുടർന്നാണ് ചുംനുബ്രി ഗ്രാമത്തില്‍ പ്രളയമുണ്ടായത്.
രാവിലെ 6.30ന് 3.66 മീറ്ററായിരുന്ന നദിയിലെ ജലനിരപ്പ് 8.40ഓടെ അപകടനിലയും കടന്ന് 8.43 മീറ്ററിലെത്തിയെന്ന് നേപ്പാളിലെ നാഷണല്‍ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു. പത്തുമിനിറ്റിനുള്ളില്‍ ജലനിരപ്പ് രണ്ടുമീറ്ററിലധികം ഉയർന്നതായും പാലം ഉള്‍പ്പെടെ ഒലിച്ചുപോയതിനാല്‍ നാശനഷ്ടങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അതോറിറ്റിയുടെ വാർത്താക്കുറിപ്പില്‍ പറയുന്നു.
നദിയിലെ ഒഴുക്ക് തടസ്സപ്പെട്ടതിനെ തുടർന്ന് വെള്ളം കരകവിഞ്ഞതാണ് പെട്ടെന്നുള്ള പ്രളയത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മഴ മൂലമല്ല വെള്ളപ്പൊക്കമുണ്ടായതെന്നും അധികൃതർ വ്യക്തമാക്കുന്നു. ദുരന്തത്തില്‍ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ഞായറാഴ്ച വൈകുന്നേരം വരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും അധികൃതർ നിർദേശിച്ചു.






