ചെന്നൈ: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളെ മാത്രമല്ല എതിർക്കുന്നതെന്നും ആ പരീക്ഷ പൂർണമായും റദ്ദാക്കണമെന്നും തമിഴ്നാട്ടില്‍ ഭരണത്തിലുള്ള തമിഴക വെട്രി കഴകം (ടി വി കെ).
മെഡിക്കല്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും സംസ്ഥാനങ്ങള്‍ക്ക് പൂർണ അധികാരം നല്‍കണമെന്നും ടി വി കെ ആവശ്യപ്പെട്ടു. ദില്ലിയില്‍ നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തില്‍, ഈ വിഷയത്തില്‍ ഉറച്ച നിലപാടാണ് പാർട്ടിക്കുള്ളതെന്ന് ടി വി കെ നേതാക്കള്‍ പറഞ്ഞു. ദേശീയതലത്തിലുള്ള ഈ പ്രവേശന പരീക്ഷ പൂർണമായും നിർത്തലാക്കണമെന്ന് അഭിപ്രായപ്പെട്ട പാർട്ടി, പ്രശ്നപരിഹാരത്തിന്റെ ഭാഗമായി വിദ്യാഭ്യാസത്തെ ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റില്‍ നിന്ന് സംസ്ഥാന പട്ടികയിലേക്ക് മാറ്റണമെന്ന ആവശ്യവും ഉന്നയിച്ചു.
നീറ്റ് റദ്ദാക്കുമെന്ന് ഡി എം കെ ജനങ്ങള്‍ക്ക് വ്യാജ വാഗ്ദാനം നല്‍കിയെന്നും ടി വി കെ വിമർശിച്ചു. അധികാരത്തില്‍ വന്നാല്‍ നീറ്റ് റദ്ദാക്കുമെന്ന് 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഡി എം കെ വാഗ്ദാനം ചെയ്തിരുന്നു. "നീറ്റ് ഞങ്ങള്‍ തന്നെ റദ്ദാക്കും" എന്ന് വ്യാജ വാഗ്ദാനം നല്കി വോട്ട് നേടുന്ന വഞ്ചനാപരമായ രാഷ്ട്രീയത്തില്‍ തങ്ങള്‍ ഒരിക്കലും ഏർപ്പെടില്ലെന്നും ടി വി കെ നേതാക്കള്‍ വ്യക്തമാക്കി.
വിദ്യാഭ്യാസത്തെ സംസ്ഥാന പട്ടികയിലേക്ക് മാറ്റുന്നതില്‍ നിയമപരമോ ഭരണപരമോ ആയ തടസ്സങ്ങളുണ്ടെങ്കില്‍, ആ വിഷയം പരിഹരിക്കണം. സംസ്ഥാന സർക്കാരുകള്‍ക്ക് പൂർണ അധികാരം നല്‍കുന്നത് വരെ താല്‍ക്കാലിക നടപടിയായി സ്പെഷ്യല്‍ കണ്‍കറന്റ് ലിസ്റ്റ് രൂപീകരിക്കണമെന്ന നിർദേശവും ടി വി കെ മുന്നോട്ടുവയ്ക്കുന്നു. മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇതേക്കുറിച്ച് മുൻപ് തന്നെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും ടി വി കെ നേതൃത്വം ചൂണ്ടിക്കാട്ടി.






