കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ നരഹത്യാ കേസിലെ ഒന്നാം പ്രതി സുഹൈല്‍ സജീവ് ഇന്ന് പുറത്തിറങ്ങും. സുഹൈലിന്റെ കൂട്ടു പ്രതികളായ മൂന്നുപേർ നവംബർ ആറിന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു.
പ്രോസിക്യൂഷന്റെ ആവശ്യത്തെ തുടർന്നാണ് സുഹൈല്‍ 10 ദിവസം കൂടി ജയിലില്‍ തുടരട്ടെ എന്ന് കോടതി ഉത്തരവിട്ടത്. രണ്ടും മൂന്നും നാലും പ്രതികളായ നിനവ്, ജോയല്‍, അമീൻ എന്നിവർക്കായിരുന്നു കോടതി ജാമ്യം അനുവദിച്ചത്.
മദ്യപിച്ച് അമിതവേഗത്തില്‍ വാഹനമോടിച്ചത് ഗുരുതര കുറ്റമാണെന്നതുള്പ്പടെയുള്ള വാദങ്ങള്‍ മുൻ നിർത്തി സർക്കാർ ജാമ്യാപേക്ഷയെ എതിർത്തിരുന്നു. 162 കിലോമീറ്റർ വേഗത്തിലാണ് കാർ പാഞ്ഞത്.
അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാൻ പ്രതികള്‍ ശ്രമിച്ചില്ലെന്നും അമിതവേഗത്തിലുള്ള ഡ്രൈവിങ് പ്രതികള്‍ ആഘോഷമാക്കിയെന്നും ഡിജിപി കോടതിയില്‍ വാദിച്ചു. എന്നാല്‍, പ്രതികള്‍ വിദ്യാർഥികളാണെന്നും ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും പഠനം മുടങ്ങി എന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
11 സെക്കൻഡില്‍ അര കിലോമീറ്ററാണ് കാർ പിന്നിട്ടത്. സുഹൈലിന്റെ കൂട്ടുപ്രതികള്‍ ഇതിൻ്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. അപകടത്തിന് അഞ്ച് സെക്കൻഡ് മുമ്പ് പകർത്തിയ ദൃശ്യങ്ങളും പ്രതികളില്‍ ഒരാളായ ജോയലിൻ്റെ ഫോണില്‍ നിന്ന് ലഭിച്ചിരുന്നു.






