കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടക്കേസിലെ പ്രതി സുഹൈല്‍ സജീവിന് നേരേ കൈയേറ്റശ്രമം.
അങ്കമാലി താലൂക്ക് ആശുപത്രിയില്‍ പ്രതിയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോളായിരുന്നു കൈയേറ്റശ്രമം.
നിന്റെ വാപ്പ എവിടെടാ എന്ന് ആക്രോശിച്ചുകൊണ്ടാണ് ചില യുവാക്കള്‍ പ്രതിക്ക് നേരേ പാഞ്ഞടുത്തത്.
ഇതിനിടെ പ്രതിക്ക് മുഖത്ത് അടിയേല്ക്കുകയുംചെയ്തു. പൊലീസ് ഇടപെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്.
നേരത്തേ വാഹനാപകടത്തിന് തൊട്ടുപിന്നാലെ 'കേസെല്ലാം എന്റെ വാപ്പ നോക്കിക്കോളും' എന്ന് പറഞ്ഞ് സുഹൈല്‍ സജീവ് നാട്ടുകാരോട് തട്ടിക്കയറിയിരുന്നു.
സുഹൈല്‍ സജീവ്(19) അമിതവേഗത്തില്‍ ഓടിച്ച മിനി കൂപ്പർ കാർ സ്കൂട്ടറില്‍ ഇടിച്ചാണ് സ്കൂട്ടർ യാത്രക്കാരായ മൂന്നുപേർ മരിച്ചത്.
കൊച്ചിയില്‍ പാർട്ട് ടൈം ജോലി ചെയ്യുന്ന വിദ്യാർഥികളായ ഗോപിക, ദേവിക, ഇയാസ് എന്നിവരാണ് തല്‍ക്ഷണം മരിച്ചത്. ഞായറാഴ്ച പുലർച്ചെ നെടുമ്പാശ്ശേരിയിലായിരുന്നു അപകടം.






