കോട്ടയം : നാഗമ്പടം ബസ് സ്റ്റാന്റിലേക്കുള്ള വഴിയിൽ മലിനജലം കെട്ടിക്കിടന്ന് പൊതുജനങ്ങൾക്ക് ദുരിതം. മൂക്കുപൊത്താതെയോ, മലിനജലത്തില്‍ ചവിട്ടാതെയോ യാത്രക്കാര്‍ക്ക് എംസി റോഡിലെ ബസ് സ്റ്റോപ്പില്‍ നിന്നും നാഗമ്പടം ബസ് സ്റ്റാന്‍ഡിലേക്ക് എത്താന്‍ കഴിയാറില്ല. യാത്രക്കാര്‍ കടന്നു പോകുന്നതിനു സമീപം മലിനജലം കെട്ടിക്കിടക്കുന്നതാണ് കാരണം. സമീപത്തെ കംഫര്‍ട്ട് സ്റ്റേഷനില്‍ നിന്നുള്‍പ്പടെയുള്ള വെള്ളമായതിനാല്‍ ദുര്‍ഗന്ധവുമുണ്ട്. മുമ്പ്, കംഫര്‍ട്ട് സ്റ്റേഷനില്‍ നിന്നു മലിന ജലം ഒഴുകിയതിനെത്തുടര്‍ന്ന് ഏറെ നാള് പൂട്ടിയിട്ടിരുന്നു.
നാഗമ്പടം സ്റ്റാന്റിലേക്ക് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ വരികയും പോകുകയും ചെയ്യുന്നത് എം.സി. റോഡില്‍ നിന്നു റെയില്‍വേ മേല്‍പ്പാലം വഴിയാണ്. പലപ്പോഴും യാത്രക്കാര്‍ തിരക്കിട്ടാണ് ഇതുവഴി കടന്നുപോകുന്നത്. മേല്‍പ്പാലത്തില്‍ നിന്നുമിറങ്ങി കംഫര്‍ട്ട് സ്റ്റേഷനു മുന്നിലൂടെയാണു യാത്രക്കാര്‍ സ്റ്റാന്റിലേക്കു പോകുന്നത്. കംഫര്‍ട്ട് സ്റ്റേഷനു മുന്നിലായി നിര്‍മാണ ആവശ്യത്തിനുള്ള ഇഷ്ടിക കൂട്ടിയിട്ടിരിക്കുന്നതിനാല്‍ ഗതാഗത തടസമുണ്ടാകാറുണ്ട്. ഇതിനൊപ്പമാണു സമീപത്തെ മലിന ജല സാന്നിധ്യം.
സ്റ്റാന്റിന്റെ ഇതര ഭാഗങ്ങളിലും മാലിന്യം നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞയാഴ്ച വെള്ളപ്പൊക്കത്തില്‍ സ്റ്റാന്റ് മുങ്ങിയതിനു ശേഷം ചില ഭാഗങ്ങളിലെ മാലിന്യം ഒഴുകിപ്പോയെങ്കില്‍ മറ്റു ചില ഭാഗങ്ങളില്‍ മാലിന്യം കൂടി. സ്റ്റാന്റ് കെട്ടിടത്തോടു ചേര്‍ന്നുള്ള ഓടകളില്‍ മലിനജലം നിറഞ്ഞു കിടക്കുകയാണ്. സ്ലാബ് മാറികിടക്കുന്ന ഭാഗങ്ങളില്‍ യാത്രക്കാര്‍ വീഴുന്നതും പതിവാണ്.






