തിരുവനന്തപുരം: സ്വകാര്യ വ്യക്തികളുടെ സൗജന്യസഹായത്തോടെ യാത്ര ചെയ്യുന്നത് തുടരുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവനയെ വിമർശിച്ച് സി.പി.എം.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇത്തരത്തിലുള്ള നിലപാട് ഭരണഘടനാ വിരുദ്ധവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നാണ് ഗോവിന്ദന്റെ ആരോപണം. മുഖ്യമന്ത്രിയുടെ മലപ്പുറം, മംഗളൂരു യാത്രകള്‍ക്ക് ആരാണ് വിമാനം ഏർപ്പെടുത്തിയതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആരാണ് വിമാനം നല്‍കിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നില്ലെന്നും ഇത് ഒരു മുഖ്യമന്ത്രിക്ക് ചേർന്ന നടപടിയല്ലെന്നും ഗോവിന്ദൻ പറഞ്ഞു. ഇത്തരം സൗജന്യ യാത്രകള്‍ സ്ഥിരമായി തുടരുമെന്ന് പറയാൻ മുഖ്യമന്ത്രിക്ക് അധികാരമില്ലെന്നും അദ്ദേഹം ആരോപിച്ചു. മന്ത്രിമാരും സമാനമായ നിലപാട് സ്വീകരിച്ചാല്‍ ഉദ്യോഗസ്ഥരും ഇതേ മാതൃക പിന്തുടരാൻ സാധ്യതയുണ്ടെന്നും അങ്ങനെ വന്നാല്‍ അഴിമതിക്കളമായി കേരളം മാറുമെന്നും ഗോവിന്ദൻ പറഞ്ഞു.
മലപ്പുറത്തേക്കും മംഗളൂരുവിലേക്കും നടത്തിയ യാത്രകള്‍ക്ക് ആരാണ് സ്പോണ്സർ ചെയ്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പേര് വെളിപ്പെടുത്തുന്നതില്‍ എന്താണ് പ്രശ്നമെന്നും ഗോവിന്ദൻ ചോദിച്ചു. ഔദ്യോഗിക യാത്രകള്‍ക്ക് സ്വകാര്യ വ്യക്തികളുടെ സൗജന്യം സ്വീകരിക്കുന്നതിനെതിരെയാണ് തന്റെ വിമർശനമെന്നും അദ്ദേഹം വ്യക്തമാക്കി.






