കൊച്ചി: മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വിശ്വാസവഞ്ചനാക്കേസില്‍ അഗസ്റ്റിൻ സഹോദരങ്ങള്‍ വിചാരണ കോടതിയില്‍ കീഴടങ്ങി.
തുടര്‍ച്ചയായി ഹാജരാകാത്തതിനാല്‍, ചോറ്റാനിക്കര കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ആൻ്റോ അഗസ്റ്റിനും ജോസൂട്ടി അഗസ്റ്റിനും കോടതിയില്‍ കീഴടങ്ങിയത്. മറ്റൊരു പ്രതി റോജി അഗസ്റ്റിനോട് പതിമൂന്നിന് ഹാജരാകൻ കോടതി നിര്‍ദേശിച്ചു.
വയനാട്ടിലെ മുട്ടില്‍, മേപ്പാടി എന്നിവിടങ്ങളില്‍ നിന്ന് മുറിച്ചു കടത്തിയ മരങ്ങള്‍, അഗസ്റ്റിൻ സഹോദരങ്ങള്‍ വിറ്റത് എറണാകുളത്തെ മരക്കമ്പനി ഉടമയ്ക്കാണ്. വനംവകുപ്പ് പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ്, കമ്പനിയുടമ അലിയാര്‍ക്ക് മരം വിറ്റത്. കേസ് ആയതോടെ, വനംവകുപ്പ് തടികള്‍ കസ്റ്റഡിയിലെടുത്തു.
അലിയാര് പരാതിപ്പെട്ടതോടെ, വിശ്വാസ വഞ്ചനാക്കുറ്റം ചുമത്തി അമ്പലമേട് പൊലീസ് കേസെടുത്തു. റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവരെ പ്രതിയാക്കി എഫ്ഐആർ ഇട്ടത് 2021ല്‍. ചോറ്റാനിക്കര കോടതി തുടര്‍ നടപടികള്‍ക്ക് ഒരുങ്ങിയപ്പോഴാണ്, പ്രതികള്‍ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി പ്രതികളുടെ ആവശ്യം നിരസിച്ചു.
ഇതോടെ, വിചാരണ നടപടികള്‍ തുടങ്ങിയ ചോറ്റാനിക്കര കോടതി ഓഗസ്റ്റ് 6നും 10നും കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാൻ വിളിപ്പിച്ചു. പക്ഷേ, പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങള്‍ ഹാജരായില്ല. ഒടുവില്‍ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു, തൊട്ടു പിറകെ രണ്ട് പ്രതികള്‍ കോടതിയിലെത്തി കീഴങ്ങി ആൻ്റോ അഗസ്റ്റിനും ജോസൂട്ടി അഗസ്റ്റിനുമാണ് ഇന്ന് വിചാരണക്കോടതിയിലെത്തി കീഴടങ്ങിയത്. മറ്റൊരു പ്രതി റോജി അഗസ്റ്റിനോട് വ്യാഴാഴ്ച കോടതിയില്‍ ഹാജരാകണം എന്ന് കോടതി ഉത്തരവിട്ടു.






