കോഴിക്കോട്: സർക്കാർ ഗവൺമെന്റ് പ്ലീഡർ, സ്പെഷ്യൽ പ്ലീഡർ നിയമനങ്ങളിൽ സംഘപരിവാർ അനുകൂലികളെ ഉൾപ്പെടുത്തി സർക്കാർ 'സംഘിവത്കരണം' നടത്തുകയാണെന്ന് സിപിഎം നേതാവും എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസ് ആരോപിച്ചു. പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ സംഘപരിവാർ ബന്ധമുള്ളവർക്ക് സ്വാധീനം വർധിച്ചെന്നും ഇക്കാര്യത്തിൽ കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എബിവിപിയുടെ സജീവ പ്രവർത്തകനെ ഗവൺമെന്റ് പ്ലീഡർ പട്ടികയിൽ ഉൾപ്പെടുത്തിയതാണ് വിവാദത്തിന് കാരണമായതെന്ന് റിയാസ് പറഞ്ഞു. നിയമനങ്ങളിൽ സുതാര്യതയും നിലവിലുള്ള മാനദണ്ഡങ്ങളും പാലിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഇതിനിടെ, സംഘപരിവാർ ബന്ധമുള്ളവരുടെ നിയമനത്തിൽ വിമർശനവുമായി സമസ്തയും രംഗത്തെത്തി. മുഖ്യമന്ത്രി വർഗീയതക്കെതിരെ ഉറച്ച നിലപാട് സ്വീകരിച്ച വ്യക്തിയാണെന്നും അതിൽ മാറ്റമുണ്ടായോ എന്നത് യുഡിഎഫ് പരിശോധിക്കേണ്ട വിഷയമാണെന്നും എസ്വൈഎസ് സംസ്ഥാന സെക്രട്ടറി സമദ് പൂക്കോട്ടൂർ പറഞ്ഞു. ഈ വിഷയം മുസ്ലിം ലീഗ് യുഡിഎഫ് വേദിയിൽ ശക്തമായി ഉന്നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.






