ഡല്‍ഹി: ഇന്ത്യൻ പേസർ മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയയിലൂടെ രാത്രി പങ്കുവച്ച വീഡിയോയിലൂടെയാണ് താരം വിരമിക്കല്‍ തീരുമാനം അറിയിച്ചത്.
അതേസമയം, ഏകദിനത്തിലും ട്വന്റി-20യിലും കളി തുടരുമെന്നും താരം വ്യക്തമാക്കി. ഇന്ത്യയ്ക്കായി 64 ടെസ്റ്റ് മത്സരങ്ങളില്‍ 229 വിക്കറ്റുകളാണ് ഷമി സ്വന്തമാക്കിയത്.
പരിക്കും ടീമില്‍ നിന്നുള്ള പുറത്താകലും കരിയറിന്റെ അവസാന ഘട്ടത്തില്‍ താരത്തിന് തിരിച്ചടിയായി. 2025ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിന് ശേഷം ഇന്ത്യൻ ടീമില്‍ ഇടംനേടാൻ ഷമിക്ക് കഴിഞ്ഞിരുന്നില്ല. പരിക്കിനെത്തുടർന്ന് ഏറെക്കാലം കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്ന താരം, തിരിച്ചുവരവില്‍ ബംഗാളിനായി മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ചെങ്കിലും ദേശീയ ടീമിലേക്ക് പരിഗണിക്കപ്പെട്ടില്ല.
'ഇന്ത്യയുടെ ടെസ്റ്റ് ജഴ്സിയണിഞ്ഞ ആദ്യ നാള് മുതല്‍ രാജ്യത്തിനായി എന്തെങ്കിലും ചെയ്യണമെന്ന് മാത്രമായിരുന്നു സ്വപ്നം. ഓരോ വിക്കറ്റും പോരാട്ടവും പരിക്കും തിരിച്ചുവരവും എന്നെ പലതും പഠിപ്പിച്ചു. ടെസ്റ്റ് ക്രിക്കറ്റ് എനിക്ക് വെറുമൊരു മത്സര ഫോർമാറ്റായിരുന്നില്ല. ജീവിതത്തിലെ ഏറ്റവും സവിശേഷമായ അദ്ധ്യായങ്ങളില്‍ ഒന്നായിരുന്നു. നിറയെ മനോഹരമായ ഓർമ്മകളോടെയാണ് ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറയുന്നത്' ഷമി ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.
ടെസ്റ്റ് കരിയറില്‍ പിന്തുണച്ച സഹതാരങ്ങള്‍ക്കും പരിശീലകർക്കും കുടുംബാംഗങ്ങള്‍ക്കും ആരാധകർക്കും താരം നന്ദി അറിയിച്ചു. ബി.സി.സി.ഐയോടും ക്രിക്കറ്റ് അസോസിയേഷൻ ഒഫ് ബംഗാളിനോടും (സി.എ.ബി) പ്രത്യേക നന്ദി രേഖപ്പെടുത്തി. 'കളിക്കളത്തില്‍ എന്റെ അവസാന ടെസ്റ്റ് പന്ത് എറിഞ്ഞുകഴിഞ്ഞെങ്കിലും ഇന്ത്യയ്ക്കായി കളിച്ചതിന്റെ അഭിമാനം എന്നും ഹൃദയത്തിലുണ്ടാകും' എന്നും ഷമി കുറിപ്പില്‍ വ്യക്തമാക്കി.






