തിരുവനന്തപുരം: വി എസ് അച്യുതാനന്ദൻ്റെ അനുസ്മരണക്കുറിപ്പുള്ള ദേശാഭിമാനിയുടെ വാരാന്തപ്പതിപ്പ് ഒഴിവാക്കിയെന്ന വിവാദത്തില്‍ പ്രതികരണവുമായി ദേശാഭിമാനി റെസിഡൻ്റ് എഡിറ്റർ എം സ്വരാജ്. വി എസിന്റെ അനുസ്മരണക്കുറിപ്പ് ഒഴിവാക്കിയതല്ലെന്നും വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാത്തത് സാങ്കേതിക കാരണം കൊണ്ടാണെന്നും എം സ്വരാജ് വ്യക്തമാക്കി. വി എസിനെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും വാരാന്തപ്പതിപ്പ് നാളെ പ്രസിദ്ധീകരിക്കുമെന്നും എം സ്വരാജ് പറഞ്ഞു.
'കള്ളൻ വിജയൻ' എന്ന ലേഖനം വാരാന്തപ്പതിപ്പില്‍ ഇല്ലെന്നും പ്രചരിക്കുന്നതെല്ലാം അവാസ്തമായ കാര്യങ്ങളാണെന്നും സ്വരാജ് പറഞ്ഞു. നാലുപേജുള്ള ഞായറാഴ്ച പതിപ്പിൻ്റെ ആദ്യ പേജിലാണ് വി എസിനെ അനുസ്മരിക്കുന്ന കെ വി സുധാകരൻ്റെ ലേഖനമുള്ളത്. അവസാന പേജും വിഎസിനെക്കുറിച്ചാണ്. വാരാന്തപ്പതിപ്പ് അച്ചടിച്ച് ഇന്നത്തെ പത്രത്തോടൊപ്പം വിതരണം ചെയ്തിട്ടില്ല എന്നത് വസ്തുതയാണ്. സാങ്കേതിക കാരണങ്ങളാല്‍ വാരാന്തപ്പതിപ്പ് അച്ചടിച്ചിട്ടില്ലെന്ന് ഇന്നത്തെ പത്രത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിൻ്റെ അർത്ഥം വാരാന്തപ്പതിപ്പ് ഒഴിവാക്കിയെന്നല്ല. നാളത്തെ പത്രത്തോടൊപ്പം വാരാന്തപതിപ്പ് ഉണ്ടാകും. ഇന്ന് അച്ചടിക്കാൻ കഴിയാത്തത് സാങ്കേതിക കാരണങ്ങളാലാണ്. മറിച്ചുള്ള പ്രചാരണങ്ങളെല്ലാം ഊഹാപോഹങ്ങളും തെറ്റായ വിവരങ്ങളുമാണെന്നും എം സ്വരാജ് പറഞ്ഞു.
വി എസിനെ ഒരടിസ്ഥാനമില്ലാത്ത വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്. കേട്ടുകേള്‍വിയെ തുടർന്ന് ഇത്തരം വാർത്തകള്‍ കൊടുക്കുന്നത് ഉചിതമായില്ല. വാർത്ത പൂർണമായും തെറ്റാണ്. ദേശാഭിമാനിയുടെ ഒരു യൂണിറ്റില്‍ സ്വകാര്യ പ്രസ്സിലാണ് പത്രം അച്ചടിക്കുന്നത്. അവിടെ യന്ത്രത്തകരാർ ഉണ്ടായതിനെ തുടർന്ന് രണ്ടുദിവസമായി തൊട്ടടുത്തുള്ള ജില്ലയിലെ യൂണിറ്റിലാണ് അച്ചടി നടക്കുന്നത്. സമയബന്ധിതമായി പത്രം അച്ചടിക്കുന്നതില്‍ പ്രശ്നം നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഞായറാഴ്ചത്തെ വാരാന്തപ്പതിപ്പ് തിങ്കളാഴ്ചത്തെ പത്രത്തോടൊപ്പം കൊടുക്കാൻ തീരുമാനിച്ചത്. അച്ചടിയുമായി ബന്ധപ്പെട്ട സാങ്കേതിക തകരാർ പരിഹരിച്ചുവെന്നും എം സ്വരാജ് പറഞ്ഞു.






