ആലപ്പുഴ: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിന് പിന്നാലെ എഡിജിപി എം.ആർ. അജിത് കുമാറിൽ നിന്ന് ഡിജിപി വിശദീകരണം തേടും.
വിശദീകരണം ലഭിച്ച ശേഷമായിരിക്കും സർക്കാർക്ക് അന്തിമ റിപ്പോർട്ട് സമർപ്പിക്കുക.
അജിത് കുമാറിന്റെ പങ്ക് വ്യക്തമാക്കുന്ന പുതിയ റിപ്പോർട്ട് എസ്ഐടി ഇന്നലെ ഡിജിപിക്ക് കൈമാറിയിരുന്നു. ഇതിനിടെ പുതിയ ഡിജിപി നിയമനവുമായി ബന്ധപ്പെട്ട സ്ക്രീനിംഗ് കമ്മിറ്റി നടപടികൾക്കും സർക്കാർ തുടക്കമിട്ടിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച കെ.എസ്.യു., യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസിൽ അന്വേഷണം എഡിജിപിയുടെ നേതൃത്വത്തിൽ അട്ടിമറിക്കപ്പെട്ടെന്നാണ് എസ്ഐടി കണ്ടെത്തൽ.
കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥരെ എഡിജിപിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കേസ് ഡയറിയിൽ തിരുത്തലുകൾ വരുത്താൻ നിർബന്ധിച്ചുവെന്ന് മുൻ അന്വേഷണസംഘം എസ്ഐടിക്ക് മൊഴി നൽകിയിട്ടുണ്ട്. എഡിജിപിയുടെ പൂർണ അറിവോടെ ആരോപിക്കപ്പെടുന്ന രീതിയിൽ ഗ്രേഡ് എസ്ഐമാരായ ഗിരീഷും ശ്രീകാന്തും രേഖകളിൽ കൃത്രിമം നടത്തുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.






