തിരുവനന്തപുരം : നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിലുണ്ടായ രക്ഷപ്രവർത്തന അട്ടിമറി കേസിൽ സസ്പെൻഷനിലായ എഡിജിപി എംആർ അജിത്കുമാർ നിയമനടപടിക്കെന്ന് സൂചന. സസ്പെൻഷൻ ഉത്തരവ് ചോദ്യം ചെയ്ത് മുന്നോട്ടുപോകാൻ നീക്കം.
ഇതിന്റെ ഭാഗമായി അദ്ദേഹം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചേക്കും. ഡിജിപി സ്ഥാനക്കയറ്റത്തെ അടക്കം ബാധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് ഗൺമാന്മാർ കെഎസ്യു പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കണ്ടെത്തലിലാണ് എഡിജിപി എം ആർ അജിത് കുമാറിന് സസ്പെൻഷൻ കിട്ടിയത്.
ഡിജിപിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് എംആർ അജിത് കുമാറിനെതിരെ നടപടി എടുത്തത്. മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തിയതിന് ശേഷമാണ് ആഭ്യന്തരമന്ത്രി നടപടിക്ക് അനുമതി നൽകിയത്.






