കൊച്ചി: സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷനില്‍ നിന്ന് ഏഴ് ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങളായ ഹാന്‍സ് മോഷ്ടിച്ച് ഒളിവിലായിരുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സബിത്തിനെ പിടികൂടാന്‍ പോലീസ് നടത്തിയത് അതിസാഹസികവും കൃത്യവുമായ മിന്നല്‍ ഓപ്പറേഷന്.
മൂന്ന് പ്രത്യേക ടീമുകളായി തിരിഞ്ഞാണ് പോലീസ് സംഘം സബിത്തിനായുള്ള തെരച്ചില്‍ നടത്തിയത്.
കളമശ്ശേരിയില്‍ സ്പാ നടത്തുന്ന അടുത്ത സുഹൃത്തായ യുവതിയുടെ മൊബൈല്‍ ഫോണാണ് സബിത്ത് ഉപയോഗിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഈ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്‍ നടത്തിയ സൂക്ഷ്മമായ നിരീക്ഷണമാണ് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവായത്. കൂടാതെ അധ്യാപികയായ ഇവരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് സബിത്തിന്റെ അഭിഭാഷകന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 5 ലക്ഷം രൂപ കൈമാറ്റം ചെയ്തതായും പോലീസ് സംഘം കണ്ടെത്തി. ഇതോടെ സബിത്തിന്റെ ഒളിത്താവളത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ പോലീസിന് ലഭിക്കുകയായിരുന്നു.
തുടര്‍ന്ന് ഫ്ലാറ്റില്‍ വെച്ച് രാവിലെ അതിസാഹസികമായാണ് പോലീസുകാര്‍ സബിത്തിനെ പിടികൂടുന്നത്. കൊച്ചിയില്‍ കാമുകിയെ കാണാന്‍ രഹസ്യമായി എത്തിയപ്പോഴാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറും കണ്ണൂര്‍ ഡി.ഐ.ജി. കെ. കാര്‍ത്തികും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനില്‍ പ്രതിയെ തൂക്കിയെടുത്തത്. നാളുകളായി പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിലിരുന്ന സബിത്തിനെ കണ്ടെത്താന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തന്ത്രപരമായ നീക്കങ്ങളാണ് നടത്തിയിരുന്നത്.
സബിത്ത് കൊച്ചിയിലെത്തുമെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സിറ്റി പോലീസ് കമ്മീഷണറുടെയും കണ്ണൂര്‍ ഡി.ഐ.ജിയുടെയും മേല്‍നോട്ടത്തില്‍ പോലീസിലെ പ്രത്യേക അന്വേഷണ സംഘങ്ങള്‍ നഗരത്തില്‍ വലവീശുകയായിരുന്നു. സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷനിലെ സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ മോഷണം പോയ സംഭവത്തില്‍ ഒന്‍പത് ദിവസത്തിലേറെയായി സബിത്ത് ഒളിവിലായിരുന്നു. പോലീസിന് തന്നെ കടുത്ത നാണക്കേടുണ്ടാക്കിയ കേസില്‍ പ്രതിയെ പിടികൂടാന്‍ കഴിയാത്തതില്‍ വലിയ തോതിലുള്ള പൊതുജനരോഷവും വിമര്‍ശനവുമാണ് ഉയര്‍ന്നു വന്നിരുന്നത്.
കഴിഞ്ഞ ജൂണ്‍ 7-ന് ബത്തേരി ദൊട്ടപ്പകുളത്ത് വെച്ച് പോലീസ് പിടികൂടിയ നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് സ്റ്റേഷന് വളപ്പിലെ സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്നത്. ജൂണ്‍ 26-ന് കോടതിയില്‍ ഹാജരാക്കിയ ശേഷം സൂക്ഷിച്ച ഈ തൊണ്ടിമുതല്‍ കഴിഞ്ഞ മാസമാണ് കാണാതായത്. സ്റ്റേഷനിലെ റൈറ്ററും അസിസ്റ്റന്റ് റൈറ്ററും നടത്തിയ പരിശോധനയിലാണ് വന്‍ മോഷണം പുറത്തറിയുന്നത്. ഡ്യൂട്ടി താക്കോല്‍ ഉപയോഗിച്ച് തികച്ചും ആസൂത്രിതമായി സ്റ്റോര്‍ റൂം തുറന്നാണ് മോഷണം നടത്തിയത് എന്നതിനാല്‍ സ്റ്റേഷനിലെ ജീവനക്കാരെ കേന്ദ്രീകരിച്ചായിരുന്നു തുടക്കം മുതലേ അന്വേഷണം നടന്നത്
തുടര്‍ന്ന് പോലീസ് സ്റ്റേഷന് പരിസരത്തെയും സമീപത്തെയും സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് പ്രതി സ്വന്തം സഹപ്രവര്‍ത്തകനായ സബിത്താണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചത്. ജൂലൈ 18-ന് രാത്രി ജി.ഡി. ചാര്‍ജ് വഹിച്ചിരുന്ന സബിത്ത്, അര്‍ദ്ധരാത്രി 12 മണിക്ക് ശേഷമാണ് സ്റ്റോര്‍ റൂമില്‍ നിന്ന് ഏഴ് ചാക്ക് ഹാന്‍സ് കടത്തിയത്. മോഷണം നടത്തിയ തൊണ്ടിമുതല്‍ മുഴുവന്‍ സബിത്ത് സ്വന്തം കാറിലാണ് കടത്തിക്കൊണ്ടുപോയതെന്ന് സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്ന് പോലീസിന് വ്യക്തമായിരുന്നു.
സംഭവത്തിന് ശേഷം ഓണാവധിയും തുടര്‍ന്ന് മെഡിക്കല്‍ ലീവും എടുത്ത് മുങ്ങിയ സബിത്ത് ഒളിവിലിരുന്നുകൊണ്ട് മാധ്യമങ്ങള്‍ക്ക് പ്രതികരണം നല്‍കിയത് പോലീസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരുന്നു. സബിത്തിന് പോലീസ് സേനയ്ക്കുള്ളില്‍ നിന്ന് തന്നെ സഹായങ്ങള്‍ ലഭിക്കുന്നുണ്ടോ എന്ന കടുത്ത സംശയവും ഇതിനിടെ ഉയര്‍ന്നു. സംസ്ഥാനത്ത് ‘ഓപ്പറേഷന് തൂഫാന്’ ഉള്‍പ്പെടെയുള്ള കര്‍ശന പദ്ധതികള്‍ നടപ്പാക്കി ലഹരിക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമ്പോഴാണ് ലഹരിമരുന്ന് വേട്ടയ്ക്ക് മുന്‍പന്തിയില്‍ നില്‍ക്കേണ്ട പോലീസുകാരന് തന്നെ തൊണ്ടിമുതല്‍ മോഷ്ടിച്ച് വില്ക്കാന് ശ്രമിച്ചത്. ഇത് കേരള പോലീസിന്റെ അച്ചടക്കത്തിനും പ്രതിച്ഛായയ്ക്കും കടുത്ത മങ്ങലേല്‍പ്പിച്ചിരുന്നു.






