പാലക്കാട് തിരുമിറ്റക്കോട് വടക്കേ വെള്ളടിക്കുന്നില്‍ വീട് കുത്തിത്തുറന്ന് 20 പവനോളം സ്വർണാഭരണങ്ങളും 5,000 രൂപയും മോഷ്ടിച്ചു.
തയ്യില്‍ ഫൈസലിൻ്റെ വീട്ടിലാണ് സംഭവം. ഞായറാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.
രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. രാത്രി 1 മണി വരെ മകൻ ഇരുന്ന് പഠിക്കുന്നുണ്ടായിരുന്നു. ആയതിനാല്‍ ഒരു മണിക്ക് ശേഷമാണ് മോഷണം നടന്നതെന്നാണ് നിഗമനം. ഫൈസല്‍ വിദേശത്താണ്. ഭാര്യ റസീനയും മക്കളായ സാലിമും രഹ്നയുമാണ് വീട്ടിലുള്ളത്. രഹ്ന ചില്ലറത്തുട്ടുകളും മറ്റും ഇടുവെക്കുന്ന കുടുക്ക കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അലമാരയില്‍ നിന്ന് സ്വർണ്ണാഭരണങ്ങള്‍ നഷ്ടമായത് അറിയുന്നത്. അലമാരയുടെ പൂട്ട് പൊളിച്ച നിലയിലരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു.
വീടിന്റെ പിൻവശത്തെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന അഞ്ചു പവന്റെ മാല, വളകള്‍, കൈച്ചെയിൻ, മോതിരങ്ങള്‍, കമ്മല്‍, പാദസരം തുടങ്ങിയ ആഭരണങ്ങളാണ് കവർന്നത്. 20 ലക്ഷത്തിലധികം വിലമതിക്കുന്ന സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടതെന്നാണ് പ്രാഥമിക കണക്ക്
സ്വർണം സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് പാത്രങ്ങള്‍ വീടിന്റെ പിൻവശത്ത് ഉപേക്ഷിച്ച നിലയിലും കണ്ടെത്തി. വിവരമറിഞ്ഞ് ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡും വിലരടയാള വിദഗ്ധരും പരിശോധനയുടെ ഭാഗമായി. വീടിന്റെ മുൻവശത്ത് മാത്രമാണ് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്.
ക്യാമറകളുടെ നിരീക്ഷണത്തില്‍പ്പെടാതെ പിൻവശത്തുകൂടിയാണ് മോഷ്ടാവ് അകത്തുകടന്നത്. വീടിനെക്കുറിച്ച് കൃത്യമായ മുൻപരിചയമോ വിവരങ്ങളോ ശേഖരിച്ച ശേഷമാണോ മോഷണം നടത്തിയതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ ചാലിശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.






