കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ 80-ാമത് സ്വാതന്ത്ര്യദിനത്തിന്റെ ജില്ലാതല ആഘോഷം നടന്നു. ജലവിഭവ മന്ത്രി മോൻസ് ജോസഫ് വിശിഷ്ടാതിഥിയായി പങ്കെടുത്ത് പതാക ഉയർത്തി പരേഡിനെ അഭിവാദ്യം ചെയ്തു.
പോലീസ്, എക്സൈസ്, ഫോറസ്റ്റ്, എസ്.പി.സി വിഭാഗങ്ങളിലായി 20-ലധികം പ്ലാറ്റൂണുകൾ പരേഡിൽ അണിനിരന്നു. മികച്ച പ്രകടനം കാഴ്ചവച്ച പ്ലാറ്റൂണുകൾക്ക് മന്ത്രി പുരസ്കാരങ്ങളും സമ്മാനിച്ചു.
സ്വാതന്ത്ര്യം രാജ്യത്തെ ജനങ്ങൾക്ക് ലഭിച്ച മഹത്തായ സമ്മാനമാണെന്ന് മന്ത്രി പറഞ്ഞു. 80 വർഷം കൊണ്ട് രാജ്യം വലിയ വളർച്ച കൈവരിച്ചെന്നും കേരളം നേടിയ നേട്ടങ്ങൾ നിലനിർത്തുന്നതിനൊപ്പം ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ തിരിച്ചടികൾ മറികടക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു, കോട്ടയം നഗരസഭ അധ്യക്ഷൻ എം.പി. സന്തോഷ് കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ദേശഭക്തിഗാനം, മൈം, ഫ്ലാഷ് മോബ് തുടങ്ങിയ കലാപരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി.






