കോട്ടയം: വിദ്യാർത്ഥികള്‍ ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും അധികൃതരില്‍നിന്ന് മറച്ചുവയ്ക്കുന്ന സ്കൂളുകള്‍ക്കെതിരേ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ പറഞ്ഞു. നാർക്കോ കോ ഓർഡിനേഷൻ കമ്മിറ്റി-ജില്ലാതല ലഹരി വിമുക്തി സമിതി സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിപദാർഥമായ ടി.എച്ച്.സി. (ടെട്രാഹൈഡ്രോകനാബിനോള്‍) കലർന്ന മിഠായി സ്കൂള്‍ വിദ്യാർത്ഥികള്‍ ഉപയോഗിച്ചതിന് 34 കേസുകളാണ് എക്സൈസ് വകുപ്പ് എടുത്തത്. കേസുകള്‍ കണ്ടെത്തുമ്പോള്‍ സ്കൂളിന്റെ സല്പേരിനെ ബാധിക്കുമെന്നു ഭയന്ന് റിപ്പോർട്ട് ചെയ്യാതിരിക്കുകയും കുട്ടികളെ സ്കൂളില്‍ നിന്നു പുറത്താക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കാതെ ഇത്തരം കേസുകള്‍ റിപ്പോർട്ട് ചെയ്യാൻ സ്കൂളുകള്‍ക്ക് കർശന നിർദേശം നല്‍കും.
യോഗത്തില്‍ ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യൂ, എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എസ്. അശോക് കുമാർ, അസിസ്റ്റന്റ് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എസ്. സഞ്ജീവ് കുമാർ, കോട്ടയം ആർ.ഡി.ഒ നിജു കുര്യൻ, നാർക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. യു. ശ്രീജിത്ത്, എന്നിവർ പങ്കെടുത്തു.






