കോട്ടയം: കുടയംപടി മെഡിക്കൽ കോളേജ് റോഡിലേക്കുള്ള പ്രധാനപാത, നൂറുകണക്കിന് ആളുകൾ കടന്നുപോകുന്ന വഴി ഇതൊന്നും അധികൃതർക്ക് വിഷയമല്ല. തുറന്ന് കിടക്കുന്ന ഓടയിൽ വീണ് അപകടം ഉണ്ടായാലേ നടപടി എടുക്കു.
കുടയംപടി-മെഡിക്കൽ കോളേജ് റോഡിലെ ഓടയ്ക്ക് മൂടി ഇല്ലാതായിട്ട് 7 വര്ഷം. ഏഴ് വർഷം മുമ്പ് റോഡ് നവീകരണത്തിന്റെ ഭാഗമായി നിർമ്മിച്ച ഓടകളാണ് ഇന്നും തുറന്നുകിടക്കുന്നത്. ഓടകൾ മൂലം കുടയംപടി മെഡിക്കൽ കോളേജ് റോഡിൽ ചെറുതും വലുതുമായ അപകടങ്ങൾ പതിവാണ്.
മെഡിക്കൽ കോളേജിലേക്കുള്ള പ്രധാന റോഡായതിനാൽ ദിവസവും നൂറുകണക്കിന് വാഹനങ്ങളും തുടർച്ചയായി ആംബുലൻസുകളും കടന്നുപോകുന്നുണ്ട്. പാഞ്ഞെത്തുന്ന വാഹനങ്ങൾ ഓടയിലേക്ക് പതിച്ചാൽ വലിയ അപകടമാകും സംഭവിക്കുക.
വാഹനങ്ങൾ റോഡിന്റെ വശം ചേർന്നുപോയാൽ ഓടയിൽ പതിക്കും എന്നതാണ് അവസ്ഥ. പലവട്ടം ഇത് സംഭവിച്ചു. രാത്രിയിൽ റോഡ് പരിചയമില്ലാത്തവർ അപകടത്തിൽപ്പെടുന്ന സാഹചര്യമുണ്ട്. റോഡിന്റെ വീതികുറഞ്ഞ ഭാഗത്തും ഓടകൾക്ക് മൂടിയില്ല.
പഞ്ചായത്ത് റോഡുമായി ബന്ധിപ്പിക്കുന്ന ഈ ഭാഗം പി.ഡബ്ല്യു.ഡി ഏറ്റുമാനൂർ സബ് ഡിവിഷന്റെ പരിധിയിലാണ്. 2024ൽ ഓടകൾക്ക് മുകളിൽ സ്ലാബ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയെങ്കിലും ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചതല്ലാതെ തുടർനടപടികളുണ്ടായില്ല. എറ്റുമാനൂരിൽ നടന്ന നവകേരളസദസിലും പരാതിയെത്തി.






