ഡൽഹി: രാജ്യത്തെ മൊബൈല്‍ ഫോണുകളുടെ വില കുത്തനെ കുറഞ്ഞേക്കും. കേന്ദ്ര മന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയില്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ നിർണ്ണായക തീരുമാനം ഉണ്ടാകും.
സെപ്തംബർ 12 നാണ് കൗണ്‍സില്‍ ചേരുന്നത്. വ്യാപാരികളും വ്യവസായികളും നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുക, നികുതി റീഫണ്ടുകള്‍ വേഗത്തിലാക്കുക തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ പ്രധാന ചർച്ചയാകുമെന്നതാണ് യോഗത്തിന്റെ പ്രധാന ആകർഷണം.
25000 രൂപവരെയുള്ള ഫോണുകളുടെ ജിഎസ്ടി 5 ശതമാനം വരെ കുറച്ചേക്കും. നിലവില്‍ മൊബൈല്‍ ഫോണുകളുടെ ജിഎസ്.ടി 18 ശതമാനമാണ്.
മൊബൈല്‍ ഫോണ്‍ വിപണിയിലെ മാന്ദ്യം ഒഴിവാക്കാനും, രാജ്യത്തെ ഇലക്ട്രോണിക്സ് നിർമ്മാണ മേഖലക്ക് കൂടുതല്‍ കരുത്ത് പകരാനും ഈ ഇളവ് സഹായകരമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.
നിരക്ക് ഇളവ് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായാല്‍ സ്മാർട്ട്ഫോണുകള്‍ സാധാരണക്കാർക്ക് കൂടുതല്‍ ലഭ്യമാകും. ആഗോള പ്രതിസന്ധികളെ തുടർന്ന് മെമ്മറി ചിപ്പുകളുടെ വില കുത്തനെ കൂടിയതിന്റെ പശ്ചാത്തലത്തില്‍ മൊബൈല്‍ കമ്പനികള്‍ ഫോണുകളുടെ വില കൂട്ടിയിരുന്നു.
ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിന്റെ ഭാഗമായി നിരക്കില്‍ ഇളവ് വരികയാണെങ്കില്‍ കമ്പനികള്‍ക്കും സാധാരണക്കാർക്കും അത് ഒരുപോലെ ആശ്വാസമാകും.
പല മേഖലകളിലും ഉല്‍പ്പന്നങ്ങളുടെ നിർമ്മാണച്ചെലവിനേക്കാള്‍ ഉയർന്ന നികുതി അസംസ്കൃത വസ്തുക്കള്‍ക്ക് ഈടാക്കുന്ന ഇൻവേർട്ടഡ് ഡ്യൂട്ടി ഘടന മൂലമുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാൻ കൗണ്‍സില്‍ ലക്ഷ്യമിടുന്നുണ്ട്.
നികുതി ഘടനയിലെ സങ്കീർണ്ണതകള്‍ ഒഴിവാക്കി ബിസിനസ്സ് സൗഹൃദ അന്തരീക്ഷം ഒരുക്കുകയാണ് ജി.എസ്.ടി കൗണ്‍സിലിന്റെ പ്രധാന ലക്ഷ്യമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. നികുതി നിയമങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതോടെ വ്യാപാരികള്‍ക്ക് അനുയോജ്യമായ രീതിയില്‍ ജി.എസ്.ടി നടപടിക്രമങ്ങള്‍ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.






