പമ്പ: ശബരിമല ദർശനത്തിനെത്തിയ അയ്യപ്പഭക്തരുടെ നഷ്ടപ്പെട്ട ഫോണുകള്‍ വീണ്ടെടുക്കുന്നതിനായി സെപ്റ്റംബർ മാസത്തില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ 8 സംസ്ഥാനങ്ങളില്‍ നിന്നായി 70-ലധികം മൊബൈല്‍ ഫോണുകള്‍ പമ്പ പോലീസ് കണ്ടെത്തി.
കണ്ടെടുത്ത ഫോണുകള്‍ക്ക് ആകെ 10 ലക്ഷത്തിലധികം രൂപ മൂല്യം വരുമെന്ന് പൊലീസ് അറിയിച്ചു.
കേന്ദ്ര സർക്കാരിന്റെ സിഇഐആർ (Central Equipment Identity Register) പോർട്ടല്‍ വഴി രജിസ്റ്റർ ചെയ്ത് ബ്ലോക്ക് ചെയ്തിരുന്ന ഫോണുകളാണ് പോലീസ് കണ്ടെത്തിയത്. ഈ ഫോണുകള്‍ നിലവില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ആളുകളെ ഫോണില്‍ ബന്ധപ്പെട്ടും, നോട്ടീസ് അയച്ചും വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പമ്പ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇവ യഥാർത്ഥ ഉടമസ്ഥർക്ക് പാഴ്സലായി അയച്ചു കൊടുക്കുന്നതിനുള്ള നടപടികള്‍ പോലീസ് സ്വീകരിച്ചു വരികയാണ്.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ ആനന്ദിന്റെ നിർദ്ദേശപ്രകാരമാണ് സ്പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിച്ചത്. പത്തനംതിട്ട സൈബർ പോലീസ് ഉദ്യോഗസ്ഥരും പമ്പ പോലീസ് ഇൻസ്പെക്ടർ സി. കെ. മനോജിന്റെ നേതൃത്വത്തില്‍ സ്റ്റേഷനിലെ ഇരുപതിലധികം പോലീസ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ അന്വേഷണത്തിലൂടെയാണ് ഈ മികച്ച നേട്ടം കൈവരിക്കാനായത്.






