തിരുവനന്തപുരം: എംഎല്‍എമാർക്ക് ശമ്പളവും ആനുകൂല്യങ്ങളും കൂട്ടുന്നതിലും ഐപാഡ് വിതരണത്തിലും സർക്കാറിനെതിരെ വിമർശനം ഉയരുന്നു.
സർക്കാർ നടപടി ധൂർത്താണെന്ന് വിമർശനമുയർന്നു. അതേസമയം, കോടികള്‍ ചെലവഴിച്ചുള്ള ഐപാഡ് വിതരണത്തില്‍ അടക്കം പ്രതിപക്ഷത്തും മൗനം തുടരുകയാണ്.
പിഎസ് സി അംഗങ്ങളുടെ അനുകൂല്യങ്ങളില്‍ തൊടില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശവും ചർച്ചയാകുന്നു. എല്‍ഡിഎഫ് സർക്കാർ പിഎസ്സി അംഗങ്ങളുടെ ശമ്പളം വർധിപ്പിച്ചപ്പോള്‍ അന്നത്തെ പ്രതിപക്ഷം രൂക്ഷ വിമർശനമുന്നയിച്ചിരുന്നു.
എന്നാല്‍, കഴിഞ്ഞ ദിവസം പിഎസ്സി അംഗങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറക്കില്ലെന്ന് മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു.
എംഎല്‍എമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുമെന്ന് പാർലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫ് കഴിഞ്ഞ ദിവസം അറിയിച്ചു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.
കാര്യോപദേശക സമിതിയില്‍ വിഷയം ചർച്ച ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എ ഹോസ്റ്റല്‍ താക്കോല്‍ കൈമാറ്റ വേദിയിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് ഇക്കാര്യം പറയുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു. എംഎല്‍എമാർക്കും പേഴ്സണല്‍ സ്റ്റാഫുകള്‍ക്കും ഐപാഡ് വാങ്ങാനും സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനായി 480 ഐപാഡുകള്‍ വാങ്ങാൻ ടെൻഡർ ക്ഷണിച്ചു






