കോട്ടയം: സർവകലാശാലയില്‍ നടപ്പാക്കുന്ന പരിഷ്കാരങ്ങള്‍ക്കെതിരെ വിവാദങ്ങള്‍ ഉയർന്നുവരുന്നത് സ്വാഭാവികമാണെന്നും എന്നാല്‍ ഇത്തരം വിവാദങ്ങള്‍ക്ക് പരിഷ്കരണ ലക്ഷ്യങ്ങളെ തടയാനാകില്ലെന്നും എംജി സർവകലാശാല വൈസ് ചാൻസലറുടെ ചുമതലയുള്ള ഡോ. ഡി. മാവൂത്. സർവകലാശാലയിലെ അക്കാദമിക് പരിപാടികള്‍ക്ക് ഫണ്ട് തടയുകയെന്ന ഉദ്ദേശ്യം തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർവകലാശാലയിലെ വിവാദങ്ങള്‍, ഫണ്ട് നിഷേധം, മാധ്യമവിലക്ക് തുടങ്ങിയ വിഷയങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുൻകാലങ്ങളില്‍ കൃത്യമായ വിശകലനമോ വിമർശനാത്മക ചിന്തയോ ഇല്ലാതെ ശുപാർശകളുടെ അടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ അംഗീകരിക്കുന്ന രീതിയായിരുന്നു നിലനിന്നിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത് മാറ്റാനാണ് ശ്രമിക്കുന്നത്. അനുസ്മരണ പരിപാടികള്‍ക്കായി പൊതുഫണ്ട് രൂപീകരിക്കുമെന്നും അതിലേക്ക് വ്യക്തിപരമായി സംഭാവന നല്കാൻ താനും തയ്യാറാണെന്നും വ്യക്തമാക്കി. നിലവിലെ റാങ്കിങ്ങില്‍ 2025-ലെ വിവരങ്ങളാണ് പരിഗണിച്ചിരിക്കുന്നതെന്നും കണ്ടെത്തുന്ന വീഴ്ചകള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. റാങ്കിങ്ങുകളേക്കാള് അക്കാദമിക നിലവാരം കൃത്യമായി വിലയിരുത്താൻ ഗ്രേഡിങ് സംവിധാനങ്ങളാണ് കൂടുതല്‍ വിശ്വസനീയമെന്നും അഭിപ്രായപ്പെട്ടു.
സർവകലാശാലയിലെ നിയമനങ്ങളെക്കുറിച്ചുള്ള വിമർശനങ്ങള്‍ക്കും അദ്ദേഹം മറുപടി നല്കി. സിൻഡിക്കറ്റിന്റെയും വൈസ് ചാൻസലറുടെയും അധികാരപരിധികള്‍ നിയമപരമായി നിർവചിക്കപ്പെട്ടിട്ടുള്ളതാണെന്നും ആർക്കും മറ്റൊരാളുടെ അധികാരം കവർന്നെടുക്കാനാകില്ലെന്നും പറഞ്ഞു. നിയമനങ്ങള്‍ സർവകലാശാലാ സ്റ്റാറ്റ്യൂട്ടിലെ വ്യവസ്ഥകള്‍ പാലിച്ചാണ് നടത്തിയതെന്നും സ്റ്റാൻഡിങ് കൗണ്‍സില്‍, ലീഗല്‍ അഡ്വൈസർ നിയമനങ്ങള്‍ സിൻഡിക്കറ്റുമായി കൂടിയാലോചിച്ചാണെന്നും അദ്ദേഹം വിശദീകരിച്ചു.






