തിരുവനന്തപുരം: സാമൂഹിക മാധ്യമ പോസ്റ്റുകള്‍ മെറ്റ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദം തള്ളി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്‍ മെറ്റ നീക്കം ചെയ്തത് സർക്കാർ നിർദ്ദേശപ്രകാരമാണെന്ന് ആഭ്യന്തര മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. സേവ്യർ ചിറ്റിലപ്പള്ളി എം.എല്‍.എ ഉന്നയിച്ച ചോദ്യത്തിന് നല്കിയ രേഖാമൂലമുള്ള മറുപടിയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരായതുള്പ്പെടെയുള്ള സമൂഹമാധ്യമ പോസ്റ്റുകള്‍ നീക്കിയ സംഭവത്തിലാണ് ആഭ്യന്തര മന്ത്രിയുടെ നിർണായക വെളിപ്പെടുത്തല്‍. പോസ്റ്റുകള്‍ നീക്കം ചെയ്യാൻ സർക്കാർ മെറ്റയ്ക്ക് ഔദ്യോഗികമായി നോട്ടീസ് നല്‍കിയിരുന്നു.
എഡിറ്റ് ചെയ്ത വീഡിയോകളും മോർഫ് ചെയ്ത ചിത്രങ്ങളും പ്രചരിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് സർക്കാർ നല്കുന്ന വിശദീകരണം.സർക്കാർ നിർദ്ദേശപ്രകാരം ആകെ 15,627 പോസ്റ്റുകള്‍ മെറ്റ നീക്കം ചെയ്തു. ലഭിച്ച 4,201 പരാതികളില്‍ 3,472 എണ്ണത്തില്‍ നടപടി സ്വീകരിച്ചതായും നിയമസഭാ മറുപടിയില്‍ ചൂണ്ടിക്കാണിക്കുന്നു. പോസ്റ്റുകള്‍ നീക്കം ചെയ്യുന്നത് സർക്കാരിന്റെ അറിവോടെയല്ല എന്നായിരുന്നു നേരത്തെ മുഖ്യമന്ത്രി സ്വീകരിച്ചിരുന്ന നിലപാട്. എന്നാല്‍ ഇതിന് വിരുദ്ധമായ വിവരങ്ങളാണ് ആഭ്യന്തര വകുപ്പ് ഇപ്പോള്‍ നിയമസഭയില്‍ വ്യക്തമാക്കിയിരിക്കുന്നത്.






