തിരുവനന്തപുരം: അര്‍ജന്റീന ഫുട്ബോള്‍ ടീമിനെ കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനത്തിന് പിന്നില്‍ നടന്ന സ്പോണ്‍സര്‍മാരുടെ നികുതിവെട്ടിപ്പ് കേസ് അട്ടിമറിക്കാന്‍ മുന്‍ കായികമന്ത്രി വി.അബ്ദുറഹിമാന് നേരിട്ട് ഇടപെട്ടതായി ജിഎസ്ടി ഉദ്യോഗസ്ഥയുടെ നിര്‍ണായക മൊഴി.
തിരുവനന്തപുരത്ത് ആഭ്യന്തരവകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുമ്പാകെയാണ് കേസ് മുന്‍പ് അന്വേഷിച്ചിരുന്ന വനിതാ ഉദ്യോഗസ്ഥ വെളിപ്പെടുത്തല്‍ നടത്തിയത്.
തന്റെ ഗണ്‍മാന്റെ ഫോണിലൂടെയാണ് മന്ത്രി ഉദ്യോഗസ്ഥയെ നേരിട്ട് വിളിച്ചതെന്നും അന്വേഷണത്തില്‍ ഇടപെട്ട് കേസ് അട്ടിമറിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും മൊഴിയില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ഏറെ കൊട്ടിഘോഷിക്കപ്പെട്ട അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ വരവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെ അഴിമതിയിലേക്കും കള്ളക്കളികളിലേക്കും വെളിച്ചം വീശുന്നതാണ് ഈ റിപ്പോര്‍ട്ട്.
എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസില്‍ അന്വേഷണം നടത്തിവരുന്നത്. ജിഎസ്ടി ഉദ്യോഗസ്ഥ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് കൂടുതല്‍ വിപുലമായി അന്വേഷിക്കാനും കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുമാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിന്റെ പശ്ചാത്തലം കണക്കിലെടുത്ത് കൂടുതല്‍ ജിഎസ്ടി ഉദ്യോഗസ്ഥരുടെ മൊഴി എസ്ഐടി ഇതിനോടകം രേഖപ്പെടുത്തിക്കഴിഞ്ഞു. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ വകുപ്പുതലത്തില്‍ നടന്നിട്ടുള്ള നീക്കങ്ങളും ഉദ്യോഗസ്ഥരുടെ നിലപാടുകളും എസ്ഐടി പരിശോധിച്ചു വരികയാണ്.
കേസില്‍ വി. അബ്ദുറഹിമാന്റെ പങ്കിനെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി മുന്‍ കായികമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ വരുന്ന ദിവസങ്ങളില്‍ അന്വേഷണസംഘം ചോദ്യം ചെയ്യും. മന്ത്രിയുടെ ഗണ്‍മാന്റെ ഫോണ്‍ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥയെ വിളിച്ചതെന്ന മൊഴിയുള്ളതിനാല്‍ ഗണ്മാന് ഉള്‍പ്പെടെയുള്ളവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. സാമ്പത്തിക ക്രമക്കേടുകളും നികുതി വെട്ടിപ്പുകളും തെളിയിക്കുന്ന കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിനാണ് അന്വേഷണ സംഘത്തിന്റെ നിലവിലെ നീക്കം. കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നതിലൂടെ ഉന്നതതല ബന്ധങ്ങളും സാമ്പത്തിക കൈമാറ്റങ്ങളുടെ വിശദാംശങ്ങളും പുറത്തുകൊണ്ടുവരാനാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ടീം കേരളത്തിലെത്തുമെന്ന വന്‍ പ്രചാരണത്തോടെയായിരുന്നു സ്പോണ്‍സര്‍മാര്‍ കരാറുകളില്‍ ഏര്‍പ്പെട്ടിരുന്നത്. എന്നാല്‍ ഇതിന്റെ മറവില്‍ വലിയ തോതിലുള്ള സാമ്പത്തിക ക്രമക്കേടുകളും ജിഎസ്ടി വെട്ടിപ്പും നടന്നിട്ടുണ്ടെന്ന സംശയമാണ് വകുപ്പിന്റെ പ്രാഥമിക പരിശോധനകളില്‍ കണ്ടെത്തിയത്. നികുതി വകുപ്പ് കൃത്യമായ അന്വേഷണവുമായി മുന്നോട്ടുപോയ ഘട്ടത്തിലാണ് ഭരണതലത്തില്‍ നിന്ന് അതിശക്തമായ ഇടപെടലുണ്ടായത്. അന്വേഷണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥയെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണം ഗൗരവമേറിയതാണ്.
മുന്‍ കായികമന്ത്റിക്കെതിരെ ഒരു സംസ്ഥാന ഉദ്യോഗസ്ഥ തന്നെ നേരിട്ട് മൊഴി നല്‍കിയത് രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചര്‍ച്ചയായിട്ടുണ്ട്. സ്പോണ്‍സര്‍ഷിപ്പ് ഡീലിന്റെ മറവില്‍ നടന്ന സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഉന്നത രാഷ്ട്രീയ സംരക്ഷണം ലഭിച്ചിരുന്നുവെന്ന ആരോപണങ്ങള്‍ക്ക് ഈ മൊഴി ബലം നല്കുന്നു. എസ്ഐടി ശേഖരിക്കുന്ന മൊഴികളും വിവരങ്ങളും വരുംദിവസങ്ങളില്‍ ആഭ്യന്തരവകുപ്പിനും കോടതിക്കും കൈമാറും. കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നതോടെ, അര്‍ജന്റീന ഡീല്‍ തട്ടിപ്പ് കേസ് വരുംദിവസങ്ങളില്‍ വലിയ രാഷ്ട്രീയ-നിയമ പോരാട്ടങ്ങളിലേക്ക് വഴിമാറുമെന്ന് ഉറപ്പാണ്.






