ദില്ലി: വിരമിക്കൽ സൂചന നൽകി ഫുടബോൾ ഇതിഹാസം ലിയോണൽ മെസ്സി. ഫുട്ബോളിൽ കൂടുതൽകാലം തുടരുമോയെന്ന് സംശയമാണെന്നും അച്ഛനില്ലാതെ മുന്നോട്ട് പോവുക പ്രയാസമാണെന്നും മെസ്സി സാമൂഹിക മാധ്യമത്തിൽ കുറിച്ചു. അച്ഛന്റെ മരണശേഷം മെസ്സിയുടെ ആദ്യ പ്രതികരണമാണിത്. മെസ്സിയുടെ പിതാവ് ഹോർഹെ മെസ്സി ഓഗസ്റ്റ് 7-നാണ് അന്തരിച്ചത്.
ദീർഘകാലമായി രോഗബാധിതനായിരുന്നു ഹോർഹെ. പിതാവിന്റെ മരണ ശേഷം മെസ്സി ആദ്യമായി നടത്തിയ വികാരനിർഭരമായ ഇൻസ്റ്റഗ്രാം കുറിപ്പ് കായികലോകത്തിന് നിരാശയേകുന്നതാണ്.
പിതാവിന്റെ വേർപാട് നൽകിയ മാനസിക ആഘാതത്തിൽ ഇനി എത്രനാൾ ഫുട്ബോളിൽ തുടരാനാകുമെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് മെസ്സി വ്യക്തമാക്കി.
അച്ഛാ, നിങ്ങൾ നമ്മെ വിട്ടുപിരിഞ്ഞുവെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ഇനി നിങ്ങളെ ഒരിക്കലും കാണാനാകില്ലെന്ന സത്യം അംഗീകരിക്കാൻ മനസ്സ് മടിക്കുന്നു.
നീണ്ടനാളത്തെ വേദനകൾക്കൊടുവിൽ നിങ്ങൾ വിശ്രമത്തിലേക്ക് പോയതാണെന്നറിയാം, എങ്കിലും വളരെ വേഗത്തിലായിപ്പോയി ആ വേർപാട്. അവസാനമായി ഒരു ലോകകപ്പ് കൂടി കളിക്കണമെന്ന് നിങ്ങൾ എന്നോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ നിങ്ങൾ എന്നോടൊപ്പം ഗാലറിയിൽ ഇല്ലാതിരുന്ന ആദ്യ ടൂർണമെന്റായിരുന്നു അത്. ഓരോ മത്സരശേഷവും നിങ്ങളുടെ സന്ദേശത്തിനായി ഞാൻ കാത്തിരുന്നു.
ഫൈനൽ വരെയെത്തി ആ കിരീടം നിങ്ങൾക്ക് നേടിത്തരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, എന്നാൽ എനിക്ക് സാധിച്ചില്ല. എന്റെ ശരീരവും കാലുകളും തളർന്നുപോയിരുന്നു, ടൂർണമെന്റിലുടനീളം എനിക്ക് സുഖം തോന്നിയിരുന്നില്ല."
"നിങ്ങളില്ലാതെ ഇനി ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. എങ്ങനെ മുന്നോട്ട് പോകണമെന്നും എനിക്കറിയില്ല. കളിക്കളത്തിൽ ഇനിയെത്ര കാലം ഞാൻ തുടരുമെന്നതിൽ വലിയ സംശയങ്ങളുണ്ട്. തുടക്കം മുതൽ എന്റെ കൂടെയുണ്ടായിരുന്ന വ്യക്തിയായിരുന്നു നിങ്ങൾ,
ഒടുവിൽ നമ്മൾ ലക്ഷ്യത്തോട് അടുത്തെത്തിയപ്പോൾ കുറച്ചുകൂടി കാത്തുനിൽക്കാമായിരുന്നു'. കുട്ടിക്കാലം മുതൽ തന്റെ വളർച്ചയിൽ അച്ഛൻ വഹിച്ച പങ്കും, തനിക്കായി ചെയ്ത ത്യാഗങ്ങളും മെസ്സി ഓർത്തെടുത്തു.
എന്റെ പിതാവ്, സുഹൃത്ത്, പ്രതിനിധി എന്നീ നിലകളിലെല്ലാം അദ്ദേഹം എപ്പോഴും ശരിയായ തീരുമാനങ്ങളാണ് എടുത്തതെന്നും മെസ്സി കൂട്ടിച്ചേർത്തു.






