ന്യൂയോർക്ക്: ഫുട്ബോള് ഇതിഹാസമെന്ന വിശേഷണം, സ്വന്തമാക്കിയതാകട്ടെ നിരവധി അപൂർവ്വ നേട്ടങ്ങള്. അപ്പോഴും ജീവിതത്തില് തനിക്ക് സാധിക്കാതെ പോയ ആ വലിയ നഷ്ടബോധത്തെക്കുറിച്ച് തുറന്നുപറയുകയാണ് ലയണല് മെസി.
ഏതാനും മാസങ്ങള്ക്ക് മുൻപ് ഒരു മെക്സിക്കൻ പോഡ്കാസ്റ്റിലാണ് മെസിയുടെ തുറന്നുപറച്ചില്.
ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്തതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടബോധമെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്. ചെറുപ്പത്തില് ഇംഗ്ലീഷ് ഭാഷ പഠിക്കാൻ ആവശ്യത്തിന് സമയമുണ്ടായിരുന്നിട്ടും താനത് ചെയ്തില്ലെന്നും അതാണ് ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമെന്നുമാണ് താരം പറയുന്നത്.
'ജീവിതത്തില് ലോകോത്തര വ്യക്തിത്വങ്ങളെയും ഇതിഹാസങ്ങളെയും നേരില് കാണാൻ എനിക്ക് നിരവധി അവസരങ്ങള് ലഭിച്ചിട്ടുണ്ട്. അവരോട് മനസ് തുറന്ന് സംസാരിക്കാനും ചിരിക്കാനും പറ്റിയ ഇടങ്ങളിലെല്ലാം ഇംഗ്ലീഷ് അറിയാത്ത ഒറ്റ കാരണംകൊണ്ട് സാധിക്കാതെ പോയി. ഞാൻ എത്ര വലിയ മണ്ടനായിരുന്നു. എന്റെ സമയം ഞാൻ വെറുതെ കളഞ്ഞുവെന്നാണ് അപ്പോഴെല്ലാം ചിന്തിച്ചത്'- മെസി വ്യക്തമാക്കി.
തനിക്ക് ജീവിതത്തില് സംഭവിച്ച അബദ്ധത്തില് നിന്നും പാഠം ഉള്ക്കൊണ്ട് ഇപ്പോള് തന്റെ മക്കളോട് മികച്ച വിദ്യാഭ്യാസം നേടാനും പുതിയ ഭാഷകള് പഠിക്കാനും താൻ ആവശ്യപ്പെട്ടതായും താരം തുറന്നുപറഞ്ഞു. വിദ്യാഭ്യാസത്തിന്റെയും പുതിയ കഴിവുകള് ആർജ്ജിക്കുന്നതിന്റെയും പ്രധാന്യം പലപ്പോഴും ചെറുപ്പക്കാർ തിരിച്ചറിയാറില്ലെന്നും മെസി കൂട്ടിച്ചേർത്തു. അതേസമയം, ഫുട്ബോളില് ഉന്നതങ്ങളിലെത്താനും നേട്ടങ്ങള് സ്വന്തമാക്കാനും തനിക്ക് കഴിഞ്ഞുവെന്നും പലതരം അനുഭവങ്ങളും പാഠങ്ങളും പഠിച്ചുവെന്നും ലയണല് മെസി കൂട്ടിച്ചേർത്തു.






