മലപ്പുറം: മെർക്കുറി കലർന്ന എഫ് ട്യൂണ്‍ ഫെയ്സ് ക്രീമിന്റെ കസ്റ്റമർകെയർ നമ്പർ കാസർകോട്ടെ സ്ത്രീയുടെ പേരിലെന്ന് കണ്ടെത്തല്‍.
വൃക്കരോഗം ബാധിച്ച മലപ്പുറത്തെ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടത് കാസർകോട്ടെ ഈ നമ്പറില്‍ നിന്നാണ്. നമ്പറിന്റെ ഉടമയ്ക്ക് ഇന്ന് പൊലീസ് നോട്ടീസ് നല്‍കും.
മെർക്കുറി കലർന്ന ക്രീം വില്‍ക്കുന്ന കാസർകോട്, മംഗലാപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.
മുഖകാന്തി വർദ്ധിപ്പിക്കാനുള്ള ഫെയ്സ്ക്രീമിലെ വിഷബാധമൂലം ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തില്‍ നിയമ പോരാട്ടം ശക്തമാക്കുമെന്ന് ഇരയായ 17 കാരി. കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്ന് പെണ്‍കുട്ടി വ്യക്തമാക്കി.
താൻ ഉപയോഗിച്ചിരുന്ന ക്രീമിന്റെ സാമ്പിള്‍ പൊലീസിന് നല്കി. എഫ് ട്യൂണ്‍ എന്ന ക്രീം ഇപ്പോള്‍ ഉപയോഗിക്കുന്നവർ ഉണ്ടെങ്കില്‍ അത് നിർത്തണമെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ തന്നെ കമന്റ് ഇട്ട് വേദനിപ്പിക്കുന്നവർ ഉണ്ട്. താൻ എന്തായാലും അകപ്പെട്ടു. മറ്റുള്ളവർ എങ്കിലും രക്ഷപ്പെടണം എന്നാണ് കരുതിയതെന്നും അതുകൊണ്ടാണ് നിയമ പോരാട്ടത്തിനിറങ്ങിയതെന്നും 17 കാരി വ്യക്തമാക്കി.






