തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളില്‍ 450 കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്നതായി ആരോഗ്യ സെക്രട്ടറിയുടെ റിപ്പോർട്ട്.
വെന്റിലേറ്ററുകള്‍, ഡിജിറ്റല്‍ എക്സ്റേ മെഷീനുകള്‍, മാമോഗ്രാം, ഡയാലിസിസ് ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങളാണ് പെട്ടിപോലും തുറക്കാതെ അനാഥമായി കിടക്കുന്നത്. റിപ്പോർട്ട് ആരോഗ്യ സെക്രട്ടറി ആരോഗ്യമന്ത്രിക്ക് കൈമാറി.
മുൻപ് കേരള മെഡിക്കല്‍ സർവീസസ് കോർപ്പറേഷൻ (കെ.എം.എസ്.സി.എല്‍.) വാങ്ങിക്കൂട്ടിയ കോടിക്കണക്കിന് രൂപയുടെ മരുന്നുകള്‍ ഉപയോഗശൂന്യമായ സംഭവം പുറത്തുവന്നിരുന്നു. ഇതില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മെഡിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ കിടക്കുന്നതായുള്ള റിപ്പോർട്ട് പുറത്തുവന്നത്.
കഴിഞ്ഞ പത്തുവർഷത്തിനിടെ വിവിധ ആശുപത്രികളിലായി വാങ്ങിയ 450 കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്നാണ് ആരോഗ്യ സെക്രട്ടറിയുടെ റിപ്പോർട്ടിലുള്ളത്. ഓരോ ഉപകരണത്തിനും മൂന്നുലക്ഷം രൂപയിലധികം വിലയുണ്ടെന്നാണ് വിവരം.






