നിലമ്പൂർ: വാഹനാപകടം ഉണ്ടാക്കിയ ശേഷം പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനുമായി ആംബുലൻസില്‍ ആശുപത്രിയിലെത്തുകയും, പിന്നീട് അവിടെ നിന്ന് കടന്നുകളയുകയും ചെയ്ത പ്രതി എം.ഡി.എം.എ.യുമായി പിടിയിലായി.
കൊണ്ടോട്ടി പള്ളിക്കല്‍ കൊലൻ കണ്ടിയില്‍ സുബൈറിനെയാണ് (39) നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കരിപ്പൂർ വിമാനത്താവളത്തിന് സമീപത്തെ വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ പോലീസിന്റെ വലയിലായത്.
കഴിഞ്ഞ തിങ്കളാഴ്ച കെ.എൻ.ജി. റോഡില്‍ മമ്പാട് ബീബുങ്ങലിലായിരുന്നു കേസിനാസ്പദമായ അപകടം നടന്നത്.
സുബൈർ ഓടിച്ച കാർ എതിർദിശയില്‍ വന്ന സ്കൂട്ടറിലും തുടർന്ന് മറ്റ് രണ്ട് കാറുകളിലും ഇടിക്കുകയായിരുന്നു. അപകടത്തില്‍ സ്കൂട്ടർ യാത്രക്കാരന് സാരമായി പരിക്കേറ്റു.
ഇതോടെ അതുവഴി വന്ന ആംബുലൻസില്‍ പരിക്കേറ്റയാളെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും, പ്രതി സുബൈർ കൂടെ കയറി ആശുപത്രിയിലേക്ക് പോവുകയുമായിരുന്നു.
അപകട സ്ഥലത്തെത്തിയ പോലീസ് സുബൈറിന്റെ കാർ പരിശോധിച്ചപ്പോഴാണ് ഡ്രൈവിംഗ് സീറ്റില്‍ നിന്ന് 0.58 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തത്. തുടർന്ന് കാർ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും, പരിക്കേറ്റയാളെ ആശുപത്രിയിലാക്കിയ ശേഷം സുബൈർ അവിടെ നിന്ന് മുങ്ങുകയായിരുന്നു.
ഇതോടെ ഇയാളെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
തുടർന്ന് നടന്ന തെരച്ചിലില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് പിടികൂടി.
അറസ്റ്റ് ചെയ്യുമ്പോഴും ഇയാളില്‍ നിന്ന് എം.ഡി.എം.എ. കണ്ടെടുത്തതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ കരിപ്പൂർ പോലീസും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
നിലമ്പൂർ എസ്.ഐ. കെ.എം. അർഷിദിന്റെ നേതൃത്വത്തില്‍ സി.പി.ഒ. ചിന്തു പ്രശാന്ത്, ഡിവൈ.എസ്.പിയുടെ പ്രത്യേക അന്വേഷണസംഘത്തിലെ സാബിറലി, സജീഷ്, സജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.






