കോട്ടയം : കോട്ടയം കുടമാളൂരിൽ വൻ ലഹരിവേട്ട. പൊലീസ് കൈകാണിച്ചിട്ട് നിര്‍ത്താതെ അമിതവേഗത്തിൽ പോയ കാറിന് പിന്നാലെ പോയി പിടികൂടി കോട്ടയം വെസ്റ്റ് പൊലീസ് സംഘം. രക്ഷപ്പെടാനുള്ള നീക്കം മുൻകൂട്ടി കണക്കുകൂട്ടിയ പൊലീസ്, റോഡിന് കുറുകെ ലോറി ഉപയോഗിച്ച് വാഹനം തടഞ്ഞു. തുടർന്നാണ് പ്രതികളെ പിടികൂടിയത്.
കുടമാളൂരിൽ അർധരാത്രി നടന്ന ഈ ഓപ്പറേഷനിൽ ചങ്ങനാശേരി സ്വദേശികളായ മൂന്നുപേരെ കോട്ടയം വെസ്റ്റ് പൊലീസും ജില്ലാ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. ഇവരിൽ നിന്ന് 20 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. നിസൽ ആന്റണി, ബിലാൽ മജീദ്, നിയാസ് നിസാദ് എന്നിവരാണ് പിടിയിലായത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.
പൊലീസിനെ കണ്ടാൽ വാഹനം നിർത്താതെ രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ, പ്രതികളുടെ കാർ തടയാൻ പ്രത്യേക പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ലോറികൾ ഉപയോഗിച്ച് റോഡ് തടയാനും പദ്ധതി തയ്യാറാക്കി. അർധരാത്രിയോടെ കുടമാളൂർ ജങ്ഷനിലെത്തിയ പ്രതികളുടെ കാർ കുമാരനല്ലൂർ ഭാഗത്തേക്ക് തിരിച്ചുവിട്ടു. കുടമാളൂർ പള്ളിക്ക് സമീപം നിലയുറപ്പിച്ചിരുന്ന വെസ്റ്റ് പൊലീസും ഡാൻസാഫ് സംഘവും വാഹനത്തിന് കൈകാണിച്ചെങ്കിലും പ്രതികൾ നിർത്താതെ അമിതവേഗത്തിൽ മുന്നോട്ടുപോയി.
തുടർന്ന് കുടമാളൂര്പള്ളിക്ക് സമീപം റോഡിന് കുറുകെ ലോറി ഉപയോഗിച്ച് കാർ തടഞ്ഞതും, സമീപത്തെ പള്ളിയുടെ മതിലില്‍ ഇടിച്ച കാറിന്റെ ചില്ലുകൾ പൊട്ടുകയും ചെയ്തു. ഇതേ സമയം പ്രതികള്‍ക്ക് പിന്നാലെ ഓടിയെത്തിയ പോലീസ് സംഘം പ്രതികളെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.
പിടിയിലായ നിസൽ ആന്റണിയും ബിലാൽ മജീദും ചങ്ങനാശേരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വിവിധ അടിപിടി, ലഹരിക്കേസുകളിൽ പ്രതികളാണ്. നിസൽ ആന്റണിക്കെതിരെ മുമ്പും മീഡിയം ക്വാണ്ടിറ്റിയിലുള്ള എംഡിഎംഎ കൈവശം വെച്ചതിന് കേസുണ്ട്. ബിലാല്‍ മജീദിനെതിരെ ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിൽ രണ്ടു തവണ കാപ്പാ ചുമത്തിയിട്ടുള്ളതാണ്. കൂടാതെ മറ്റ് 7 ഓളം അടിപിടികേസുകളും നിലവിലുണ്ട്. പ്രതികൾ സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത എം.ഡി.എം.എയുടെ ഉറവിടം, പ്രതികൾക്ക് മയക്കുമരുന്ന് എത്തിച്ചു നൽകിയവർ, വിതരണശൃംഖലയിലെ മറ്റു കണ്ണികൾ എന്നിവ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്.
ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ, കോട്ടയം ഡിവൈഎസ്പി കെജി അനീഷിന്റെ നിർദേശപ്രകാരം വെസ്റ്റ് സിഐ അനൂപ് ജോസിന്റെ മേല്‍നോട്ടത്തില്‍ കോട്ടയം വെസ്റ്റ് എസ്ഐ വിഎസ് ഗിരീഷും, ഡാന്‍സാഫ് സംഘവും വെസ്റ്റ് പോലീസ് ടീമും ചേർന്നാണ് പ്രതികളെ പിടികൂടിയത്. വെസ്റ്റ് പൊലീസ് സംഘത്തിൽ എസ്ഐ രാജേഷ്, എസ്ഐ സജി പിസി, എഎസ്ഐ ജോഷ് കുമാർ, എസ്സിപിഒ ബ്ലസ്സൻ, സിപിഒമാരായ അജേഷ്, അരുൺ കുമാർ, നിധിൻ ചെറിയാൻ, അനൂപ് മോഹൻ, സിജിൻ അശോക്, രഞ്ജിത്ത് ആർ., പ്രിജിൻ, ശ്രീക്കുട്ടൻ ടിഎസ് എന്നിവര്‍ ഉണ്ടായിരുന്നു.






