കൊച്ചി: വൈറ്റിലയില്‍ വാഹനം തടഞ്ഞുനിർത്തി എം.ഡി.എം.എ പിടികൂടിയ കേസില്‍ മുഖ്യപ്രതി വരുണ്‍ദേവിന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ മറനീക്കുന്നു.
ഒരു രാഷ്ട്രീയ പാർട്ടിയുടെ യുവജന വിഭാഗത്തിന്റെ കോട്ടയം ജില്ലയിലെ നേതാവുമായി പ്രതിക്ക് അടുത്ത ബന്ധമുണ്ടെന്നാണ് എക്സൈസിന് കിട്ടിയ വിവരം. ഇതുവരെ കേസുകളില്‍പ്പെടാത്ത വരുണ്‍ദേവ് കോട്ടയത്തെ ഒരു അഭിഭാഷകനുമായി പുലർത്തിവരുന്ന ബന്ധവും അന്വേഷണ പരിധിയിലാണ്. യുവനേതാവിനും അഭിഭാഷകനും മയക്കുമരുന്ന് കടത്തിനെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്ന് പരിശോധിക്കും.
യുവ നേതാവുമായി വരുണ്‍ദേവ് പുലർത്തുന്ന സാമ്പത്തിക ബന്ധത്തിന് പ്രാഥമിക തെളിവുകള്‍ എക്സൈസിന് ലഭിച്ചു. ഇടപാടിനെ മയക്കുമരുന്നുമായി ബന്ധിപ്പിക്കാനുള്ള അന്വേഷണം തുടരുന്നു. നേതാവും അഭിഭാഷകനും വരുണ്‍ദേവും ഒരേ സംഘത്തിലെ കണ്ണികളാണെന്നാണ് പുറത്തുവരുന്ന വിവരം.
തിരുവല്ല സ്വദേശിയായ വരുണ്‍ദേവ് ലഹരിക്കടത്തുമായി ബന്ധപ്പെട്ട് അടിക്കടി ഡല്‍ഹി, രാജസ്ഥാൻ, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ പോകുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഓരോ ഇടപാടിലും 50 ലക്ഷം രൂപയാണ് കേരളത്തിലെ വിറ്റുവരവ്. ഈ പണം എങ്ങോട്ടാണ് പോകുന്നതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഇയാളുടെ ബാങ്ക് ഇടപാടുകളെപ്പറ്റി അന്വേഷണം തുടങ്ങി. ഓണക്കാലത്ത് ബാങ്കുകള്‍ അവധിയായതിനാല്‍ വിശദവിവരങ്ങള്‍ എക്സൈസിന് ലഭിച്ചിട്ടില്ല. ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്ന പതിവ് വരുണ്ദേവിനില്ലെന്നാണ് പ്രാഥമിക സൂചന.
ആഗസ്റ്റ് 22നാണ് കോട്ടയത്ത് നിന്ന് ജീപ്പില്‍ വരുമ്പോള്‍ വൈറ്റിലയില്‍ 232 ഗ്രാം എം.ഡി.എം.എയുമായി വരുണ്‍ദേവും വിപിനും പിടിയിലായത്. കൂട്ടാളികളായ സിദ്ദിക്കും ഫിനല മരിയയും 49 ഗ്രാം രാസലഹരിയുമായി പിടിയിലായതാണ് പ്രതികളിലേക്ക് നയിച്ചത്.
കേസില്‍ വരുണ്‍ദേവ് ഉള്‍പ്പെടെ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാൻ എക്സൈസ് അടുത്തദിവസങ്ങളില്‍ കോടതിയെ സമീപിക്കും. എറണാകുളം എക്സൈസ് അസിസ്റ്റന്റ് കമ്മിഷണർ ജോബിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് (എസ്.എ.ടി) കേസ് അന്വേഷിക്കുന്നത്. അതിനിടെ മാസങ്ങള്‍ക്ക് മുമ്പ് തൃക്കാക്കര പൊലീസ് പിടികൂടിയ രാസലഹരി കൈമാറിയത് വരുണ്ദേവാണെന്ന് തിരിച്ചറിഞ്ഞു. ഇക്കാര്യം തൃക്കാക്കര പൊലീസിനെ അറിയിച്ചിട്ടുണ്ടെന്ന് എക്സൈസ് പറഞ്ഞു.






