കൊടുവള്ളി: അമിതമായി എംഡിഎംഎ ഉപയോഗിച്ച് വാഹനമോടിച്ച യുവാവ് ഓടിച്ച കാറിടിച്ച് അപകടം.
കാക്കൂര്‍ പുന്നൂര് ചെറുപാലം കണ്ടോത്ത്പാറ മലയില്‍തൊടുകയില്‍ മുഹമ്മദ് ഷഫാനെയാണ് (36) കൊടുവള്ളി പൊലീസ് കസ്റ്റഡിയിലെടുത്തത്.
വെള്ളിയാഴ്ച വൈകിട്ട് മൂന്നോടെ കൊടുവള്ളിക്കടുത്ത നെല്ലാങ്കണ്ടിയിലായിരുന്നു സംഭവം.
കൊടുവള്ളിയില്‍നിന്ന് താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന മുഹമ്മദ് ഷഫാന് ഓടിച്ച കാര്‍, റോഡരികില്‍ നിര്‍ത്തിയിട്ട മറ്റൊരു കാറിലിടിച്ച ശേഷം മുന്നോട്ട് നീങ്ങി ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമെത്തി ഇടിച്ചുനില്‍ക്കുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ ഷഫാന് കാറിനുള്ളില്‍ അബോധാവസ്ഥയിലാണ് കാണപ്പെട്ടത്.
തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനായി കാറിനുള്ളില്‍ പരിശോധന നടത്തിയപ്പോഴാണ് ഡാഷ് ബോര്‍ഡില്‍ എംഡിഎംഎയുടെ കവര്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതേതുടര്‍ന്ന് നാട്ടുകാര്‍ ഉടന്‍ തന്നെ വിവരം കൊടുവള്ളി പൊലീസില്‍ അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം മുഹമ്മദ് ഷഫാനെ കസ്റ്റഡിയിലെടുക്കുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
ബാലുശ്ശേരി, കോഴിക്കോട് ടൗണ്‍, എലത്തൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ വിവിധ ലഹരി കേസുകള്‍ നിലവിലുള്ളതായി പൊലീസ് വ്യക്തമാക്കി. അതേസമയം, അപകടത്തില്‍ നിര്‍ത്തിയിട്ട കാറിലിരിക്കുകയായിരുന്ന ആവിലോറ സ്വദേശി സിനാന് നിസാര പരിക്കേറ്റിട്ടുണ്ട്.






