തിരുവനന്തപുരം: മയില്‍പീലി സ്കോളർഷിപ്പ് പരീക്ഷാ വിവാദത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്വേഷണ റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന് കൈമാറി.
മന്ത്രി റിപ്പോർട്ട് പരിശോധിച്ച ശേഷമാകും തുടർനടപടികള്‍. വകുപ്പ് തലത്തില്‍ കടുത്ത നടപടികളുണ്ടാകില്ലെന്നും പിഴവ് വരുത്തിയ ജോയിന്റ് ഡയറക്ടർക്ക് താക്കീത് നല്കി വിഷയം അവസാനിപ്പിക്കാനാണ് സാധ്യതയെന്നുമാണ് സൂചന. അനുമതി നല്‍കിയത് ഉദ്യോഗസ്ഥ പിഴവാണെന്നും 'മയില്‍പ്പീലി' എന്ന മനോഹരമായ വാക്കിന് പിന്നിലെ രാഷ്ട്രീയ അജണ്ട തിരിച്ചറിയാൻ ഉദ്യോഗസ്ഥന് കഴിഞ്ഞില്ലെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ വിമർശനം.
ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമായ മയില്‍പ്പീലി സംഘടിപ്പിച്ച സ്കോളർഷിപ്പ് പരീക്ഷ റദ്ദാക്കിയ വിദ്യാഭ്യാസ വകുപ്പ് നടപടിക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ദേശീയ അധ്യാപക പരിഷത്ത്. പരീക്ഷയുടെ ചോദ്യങ്ങളില്‍ വർഗീയതയോ അപാകതകളോ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാനാണ് സംഘടനയുടെ തീരുമാനം. വിഷയത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, മയില്‍പ്പീലിക്ക് അനുമതിയില്ലെങ്കില്‍ മറ്റാർക്കും വേണ്ടെന്ന നിലപാടുമായി ബിജെപിയും രംഗത്തെത്തി.
ഒക്ടോബർ 12-നാണ് പൊതുവിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടർ ഇതിന് അനുമതി നല്‍കിയത്. എന്നാല്‍ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അറിയാതെയാണ് ഈ അനുമതി നല്‍കിയതെന്ന വിവരം പുറത്തുവന്നു. തുടർന്ന് വ്യാപകമായ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ ഉയർന്നതിനെ തുടർന്ന് മന്ത്രി പരീക്ഷ നടത്താനുള്ള അനുമതി റദ്ദാക്കാൻ ഉത്തരവിടുകയായിരുന്നു.






