കൊച്ചി: മാസപ്പടിക്കേസില്‍ ചാേദ്യംചെയ്യലിനായി ഇഡിക്ക് മുന്നില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഹാജരാകില്ലെന്ന് റിപ്പോർട്ട്.
ഇക്കാര്യം ഇഡിയെ ഉടൻ അറിയിക്കും. വെള്ളിയാഴ്ച നേരിട്ട് ഹാജരാകണമെന്നാണ് ഇഡി നോട്ടീസിലൂടെ പിണറായിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിയമസഭാ സമ്മേളനം, പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള ചുമതല എന്നിവയാണ് ചോദ്യംചെയ്യലിന് എത്താതിരിക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നതെന്നും റിപ്പോർട്ടില്‍ പറയുന്നു. നാളെമുതല്‍ ആരംഭിക്കുന്ന സിപിഎം സംസ്ഥാനസമിതി യോഗവും കാരണങ്ങളുടെ പട്ടികയിലുണ്ടാവുമെന്നാണ് അറിയുന്നത്. ഈമാസം 29വരെയാണ് നിലവില്‍ നിയമസഭാ സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.
23ന് പതിനൊന്ന് മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസില്‍ എത്താനാണ് പിണറായിയോട് നിർദ്ദേശിച്ചിരിക്കുന്നത്.വീട്ടില്‍ പതിച്ച നോട്ടീസില്‍ കഴിഞ്ഞ പത്തുവർഷത്തെ ആദായനികുതി റിട്ടേണുകള്‍, ബാങ്ക് അക്കൗണ്ടുകളുടെയും നിക്ഷേപങ്ങളുടെയും വിവരങ്ങള്‍, സ്വത്തുവിവരങ്ങളും പാസ്പോർട്ട് രേഖകള്‍, സിഎംആർഎല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ എന്നിവ എത്തിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, മാസപ്പടി കേസില്‍ പിണറായി വിജയൻ, മകള്‍ ടി. വീണ,മരുമകനും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവർ സമർപ്പിച്ച അപ്പീലുകള്‍ സുപ്രീം കോടതിയുടെ അവധിക്കാല പ്രത്യേക ബെഞ്ച് ഇന്ന് പരിഗണിക്കും. ദസറ അവധിയാണെങ്കിലും കേസിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്ത് ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി.മോഹന എന്നിവരുടെ ബെഞ്ചില്‍ ലിസ്റ്റ് ചെയ്യുകയായിരുന്നു. കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് മൂവർക്കുമെതിരെ വിജിലൻസ് കേസെടുക്കാൻ നിർദ്ദേശിച്ചിരുന്നു. ഡിവിഷൻ ബെഞ്ച് അതു ശരിവച്ചു. ഇതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കുമോയെന്നത് നിർണായകമാണ്.






